നിത്യ കല്യാണ്‍|
Last Modified വെള്ളി, 4 ഒക്‌ടോബര്‍ 2019 (21:11 IST)
രവിചന്ദ്രന്‍ അശ്വിന്‍ അവസരങ്ങള്‍ പാഴാക്കുന്ന ബൌളറല്ല. തനിക്ക് ലഭിക്കുന്ന ഏത് ചെറിയ അവസരത്തെയും വലിയ നേട്ടങ്ങളാക്കി മാറ്റുന്നയാളാണ്. അതുകൊണ്ടുതന്നെയാണ്, തിരിച്ചടികള്‍ എത്ര നേരിടേണ്ടിവന്നാലും, അവഗണന ഏത് വലിയ അളവില്‍ ലഭിച്ചാലും അവയില്‍ നിന്നൊക്കെ തിരികെ വന്ന് സ്പിന്നിന്‍റെ രാജാവ് താന്‍ തന്നെയെന്ന് അശ്വിന്‍ വീണ്ടും വീണ്ടും തെളിയിക്കുന്നത്.
ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ടെസ്റ്റില്‍ അഞ്ചുവിക്കറ്റ് നേട്ടം ആഘോഷിച്ചാണ് ഇത്തവണ അശ്വിന്‍ തന്നെ തഴയുന്നവര്‍ക്കുള്ള മറുപടി നല്‍കിയത്. വലിയ ഇടവേളയ്ക്ക് ശേഷമാണ് അശ്വിന്‍ വീണ്ടും രാജ്യാന്തര ക്രിക്കറ്റിലേക്ക് മടങ്ങിവരുന്നത്. ആ മടങ്ങിവരവ് ഗംഭീരമാക്കാന്‍ അശ്വിന് കഴിഞ്ഞു. അശ്വിന്‍റെ ഇരുപത്തേഴാം അഞ്ചുവിക്കറ്റ് നേട്ടമാണിത്.
നാട്ടില്‍ ഇത് അശ്വിന്‍റെ ഇരുപത്തൊന്നാം അഞ്ചുവിക്കറ്റ് നേട്ടമാണ്. ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇത് അഞ്ചാം തവണയാണ് അശ്വിന്‍ അഞ്ചുവിക്കറ്റ് നേട്ടം സ്വന്തമാക്കുന്നത്.
ദക്ഷിണാഫ്രിക്കയുടെ ഇന്നിംഗ്സിന്‍റെ തുടക്കത്തില്‍ തന്നെ അവരെ ഞെട്ടിക്കാന്‍ രവിചന്ദ്രന്‍ അശ്വിന് കഴിഞ്ഞു. എയ്‌ഡന്‍ മാര്‍ക്രമിനെ ക്ലീന്‍ ബൌള്‍ഡാക്കിയ അശ്വിന്‍ ത്യൂനിസ് ഡിബ്രൂയിനെ സാഹയുടെ കൈകളിലെത്തിച്ചു. ആ സമയത്ത് ഒരു വന്‍ തകര്‍ച്ചയിലേക്ക് ദക്ഷിണാഫ്രിക്ക കൂപ്പുകുത്തുമെന്ന് തോന്നിച്ചെങ്കിലും ഡീന്‍ എല്‍ഗാറിന്‍റെയും ക്വിന്‍റണ്‍ ഡീകോക്കിന്‍റെയും സെഞ്ച്വറികളിലൂടെ അവര്‍ മത്സരത്തിലേക്ക് തിരിച്ചെത്തുകയായിരുന്നു.