ധോണി യുഗം, രാജ്യാന്തര ക്രിക്കറ്റിൽ ധോണി അരങ്ങേറിയിട്ട് ഒന്നര പതിറ്റാണ്ട് !

ചിപ്പി പീലിപ്പോസ്| Last Modified ചൊവ്വ, 24 ഡിസം‌ബര്‍ 2019 (10:57 IST)
മഹേന്ദ്ര സിങ് ധോണിയെന്ന അതികായൻ രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറിയിട്ട് 15 വർഷം തികഞ്ഞിരിക്കുന്നു. മഹേന്ദ്രസിങ് ധോണിയിൽ നിന്നും എം എസ് ഡിയെന്ന ചുരുക്കപ്പേരിലേക്ക് ആരാധകർ അദ്ദേഹത്തെ മാറ്റിയത് അതിഗംഭീരമായ പ്രകടനത്തിന്റെ പശ്ചാത്തലത്തിൽ തന്നെയാണ്.

ഇന്നിപ്പോൾ ഇന്ത്യൻ ക്രിക്കറ്റ് ലോകം ഒന്നടങ്കം ആകാംഷയോടെ കാത്തിരിക്കുന്നത് മഹിയുടെ തിരിച്ച് വരവിനായിട്ടാണ്. ലോകകപ്പ് പരാജയത്തിനു ശേഷം ധോണി നീല കുപ്പായം അണിഞ്ഞിട്ടില്ല. എന്ന് തിരിച്ച് വരുമെന്ന കാര്യത്തെ കുറിച്ച് വ്യക്തമായ മറുപടി നൽകാൻ ധോണിക്ക് മാത്രമേ കഴിയൂ.

2004 ഡിസംബർ 23നായിരുന്നു ധോണിയുടെ രാജ്യാന്തര ഏകദിന അരങ്ങേറ്റം. ബംഗ്ലാദേശിനെയാണ് ധോണി എതിരിട്ടത്. ഇന്ത്യൻ ജഴ്സിയിൽ ഏഴാം നമ്പരുമായി പ്രതീക്ഷയോടെ ഇറങ്ങിയ ധോണി ആദ്യ പന്തിൽ തന്നെ ഔട്ട്. ആ ഇന്നിംഗ്സിൽ ബംഗ്ലാദേശിനെതിരെ ധോണിക്ക് മുട്ടിടിച്ചു. ആകെ ഒരിക്കൽ മാത്രമാണ് റൺസ് രണ്ടക്കം കടന്നത്. അതും വെറും 12 റൺസ്.

എന്നാൽ, 2005 ഏപ്രിൽ 5നു ധോണിക്ക് തന്നേക്കൊണ്ട് കഴിയുമെന്ന് അടിവരയിട്ട പ്രകടനമായിരുന്നു പാകിസ്ഥാനെതിരെ കാഴ്ച വെച്ചത്. 123 പന്തിൽ 148 റൺസുമായി പാകിസ്ഥാന്റെ നെഞ്ചിൽ തന്നെ ധോണി തന്റെ ആദ്യ സെഞ്ച്വറി കുറിച്ചു. പിന്നീട് ധോണിയെന്ന കളിക്കാരന്റെ മാത്രമല്ല, നായകന്റെ കൂടെ അഴിഞ്ഞാട്ടമായിരുന്നു.

2007 സെപ്തംബർ 24നു പാകിസ്ഥാനെതിരായ ട്വിന്റി 20യിൽ ധോണിയെന്ന കുടിലബുദ്ധിക്കാരന്റെ അതിബുദ്ധി ഒന്നുകൊണ്ട് മാത്രമാണ് ഇന്ത്യ തങ്ങളുടെ കന്നി ട്വിന്റി 20 ലോകകിരീടം സ്വന്തമാക്കിയത്. പാക്കിസ്ഥാൻ 6 പന്തിൽ വെറും 13 റൺസ് മാത്രം അകലെ ജയം നിൽക്കുമ്പോഴായിരുന്നു ധോണിയുടെ തന്ത്രം. ജോഗീന്ദർ ശർമയെന്ന നിരുപദ്രവകാരിയായ മീഡിയം പേസർക്കു പന്ത് നൽകാൻ ധോണി തീരുമാനിച്ചപ്പോൾ ഗ്യാലറി ഒന്ന് അമ്പരന്നു. എന്നാൽ, മിസ്ബാ ഉൾ ഹഖിനെ ജോഗീന്ദർ മലയാളി താരം എസ്. ശ്രീശാന്തിന്റെ കൈകളിലെത്തിച്ചതോടെയാണ് ധോണിയുടെ ആ തീരുമാനം എത്രമാത്രം ശരിയായിരുന്നുവെന്ന് ലോകം കണ്ടറിഞ്ഞത്.

പിന്നീട് ഇന്ത്യൻ നായകന്റെ വളർച്ചയായിരുന്നു. 2011 ഏപ്രിൽ 2 ന് പടുകൂറ്റൻ സിക്സർ പറത്തി ഇന്ത്യയ്ക്കു രണ്ടാം വട്ടം ഏകദിന ലോകകിരീടം ധോണി സമ്മാനിച്ച വർഷം. അന്ന് അവസാനിച്ചത് 28 വർഷത്തെ കാത്തിരിപ്പായിരുന്നു.

2013 ജൂൺ 23നു ചാംപ്യൻസ് ട്രോഫി ഫൈനലിൽ ആതിഥേയരായ ഇംഗ്ലണ്ടിനെ വീഴ്ത്തിയതിൽ ധോണിയുടെ പങ്ക് വലുതാണ്. പിന്നീട് വന്ന വർഷങ്ങൾ അത്ര സുഖകരമായിരുന്നില്ല. 2019 ജൂലൈ 10ന് ന്യൂസിലൻഡിനെതിരായ ലോകകപ്പ് സെമിയിലും ഇന്ത്യ പിന്നോക്കം പോയി. ധോണി ലോകകപ്പിൽനിന്നു തോറ്റു മടങ്ങി. പിന്നാലെ ഇന്ത്യയും. പിന്നീട് ഇന്ത്യൻ നിറത്തിൽ ധോണി ഇറങ്ങിയിട്ടില്ല. ആ കാത്തിരിപ്പിലാണ് ഇന്ത്യൻ ക്രിക്കറ്റ് ലോകം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :