BIJU|
Last Modified വ്യാഴം, 26 ഏപ്രില്‍ 2018 (20:15 IST)
എല്ലാ പരിഹാസങ്ങള്‍ക്കും ആക്ഷേപങ്ങള്‍ക്കും ബാറ്റുകൊണ്ട് മറുപടി പറയാനേ ധോണി ശീലിച്ചിട്ടുള്ളൂ. അത് റോയല്‍ ചലഞ്ചേഴ്സിനെതിരായ കളിയിലും ധോണി പുറത്തെടുത്തു. എഴുപതുറണ്‍സ് അടിച്ചുകൂട്ടിയ ആ ബാറ്റിംഗ് വെടിക്കെട്ടിനെ മറക്കാമെന്നുവച്ചാലും ഒരു ക്രിക്കറ്റ് പ്രേമിയുടെയും മനസില്‍ നിന്ന് അവസാന ഓവറിലെ ആ പടുകൂറ്റന്‍ സിക്സര്‍ ഒരിക്കലും മായില്ല.
മഹേന്ദ്രസിംഗ് ധോണി എന്ന നായകയും കളിക്കാരനെയും കുറിച്ച് ഇനിയെന്തെങ്കിലും സംശയം ബാക്കിയുണ്ടോ എന്ന് വീണ്ടും വീണ്ടും ചോദിക്കുന്നതാണ് വൈഡ് ലോംഗ് ഓണിലൂടെ പറന്നകന്ന് ഗ്യാലറിയില്‍ വിശ്രമിച്ച ആ ഷോട്ട്. ഇനിയും എഴുതിത്തള്ളാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിന് ശ്രമിക്കാം. ധോണി തന്‍റെ തന്‍റെ ക്രിക്കറ്റ് ജീവിതം ആസ്വദിച്ച് ജീവിക്കുന്നത് വരെ വിമര്‍ശകര്‍ക്ക് ജയിക്കാന്‍ പക്ഷേ, ഒരു സാധ്യതയും കാണുന്നില്ല.
ബാംഗ്ലൂരിനെതിരായ കളിയില്‍ വെടിക്കെട്ട് ബാറ്റിംഗ് നടത്തിയവര്‍ വേറെയുമുണ്ടായിരുന്നു. ബാംഗ്ലൂരിന്‍റെ ഡീകോക്കും ഡിവില്ലിയേഴ്സും നടത്തിയ പ്രകടനത്തെ കാണാതിരിക്കാനാവില്ല. അമ്പാട്ടി റായിഡു ചെന്നൈക്ക് വേണ്ടി നടത്തിയ പോരാട്ടം മറക്കാനാവില്ല. പക്ഷേ, ധോണിയെന്ന ഇതിഹാസം ഉയര്‍ത്തിയ ആ ഒരൊറ്റ സിക്സറിന്‍റെ ഘോഷത്തില്‍ മറ്റുള്ള സ്ഫോടനങ്ങളുടെയെല്ലാം നിറം മങ്ങിപ്പോയി.
34 പന്തുകളില്‍ നിന്നായിരുന്നു ധോണി 70 അടിച്ചത്. ധോണിയുടെ കാലം കഴിഞ്ഞിട്ടില്ല, എന്നല്ല, ധോണിയുടെ കാലം തുടങ്ങുന്നതേയുള്ളൂ എന്നുവേണം ഓരോ പന്തുകളെയും ധോണി പ്രഹരിച്ച വിധത്തില്‍ നിന്ന് മനസിലാക്കാന്‍.