ബാംഗ്ലൂർ|
jibin|
Last Modified വ്യാഴം, 26 ഏപ്രില്‍ 2018 (07:44 IST)
ബെസ്‌റ്റ് ഫിനിഷര്‍ താന്‍ തന്നെയാണെന്ന് മഹേന്ദ്ര സിംഗ് ധോണി വീണ്ടും തെളിയിച്ചതോടെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് ജയം. അഞ്ചു വിക്കറ്റുകള്‍ക്കാണ് ചെന്നൈ ബാംഗ്ലൂരിനെ അവരുടെ തട്ടകത്തിൽ തകർത്തുവിട്ടത്.
206 റണ്‍സ് എന്ന കൂറ്റന്‍ ടോട്ടല്‍ പിന്തുടര്‍ന്ന ചെന്നൈ രണ്ടു പന്ത് ബാക്കി നില്‍ക്കെയാണ് ജയം സ്വന്തമാക്കിയത്. അവസാന ഓവറുകളിലെ ധോണിയുടെ (34 പന്തിൽ 70) വെടിക്കെട്ടിനൊപ്പം ഓപ്പണർ അംബാട്ടി റായുഡുവിന്റെ (53 പന്തില്‍ 82) പ്രകടനവുമാണ് സീസണിലെ അഞ്ചാം ജയം ചെന്നൈയ്‌ക്ക് നേടിക്കൊടുത്തത്.
നാടകീയമായിരുന്നു അവസാന ഓവറുകളിലെ ചെന്നൈയുടെ ജയം. അവസാന മൂന്ന് ഓവറില്‍ ചെന്നൈയ്‌ക്ക് വേണ്ടിയിരുന്നത് 45 റണ്‍സ്.
17.2 ഓവറില്‍ ആന്‍ഡേഴ്സണെ അതിര്‍ത്തിക്ക് മുകളിലൂടെ പറത്തി ധോണിക്ക് അര്‍ദ്ധ സെഞ്ചുറി സ്വന്തമാക്കി. അഞ്ചാം പന്തില്‍ റായിഡുവിനെ നേരിട്ടുള്ള ത്രോയില്‍ ഉമേഷ് റണൗട്ടാക്കി. 19മത് ഓവര്‍ എറിഞ്ഞ സിറാജ് 14 റണ്‍സ് വിട്ടുകൊടുത്തതോടെ അവസാന ഓവറില്‍ ധോണിപ്പടയ്‌ക്ക് വേണ്ടിയിരുന്നത് 16 റണ്‍സ്. ക്രീസില്‍ ഉണ്ടായിരുന്ന വെടിക്കെട്ട് താരം ബ്രാവോ ആദ്യ രണ്ട് പന്തില്‍ 10 റണ്‍സ് നേടിയതോടെ കളി ബാംഗ്ലൂരിന്റെ കൈയില്‍ നിന്നും വഴുതി. നാലാം പന്ത് കൂറ്റന്‍ സിക്‍സറിലൂടെ ഗാലറിയിലെത്തിച്ച് ധോണി പതിവ് ശൈലിയില്‍ ടീമിനെ വിജയിപ്പിച്ചു.
ഷെയൻ വാട്‍സൺ (7), സുരേഷ് റെയ്ന (11), സാം ബില്ലിംഗ്‌സ് (9), രവീന്ദ്ര ജഡേജ (3) എന്നിങ്ങനെയാണു പുറത്തായ മറ്റു താരങ്ങളുടെ സ്കോറുകൾ. 14 റൺസുമായി ബ്രാവോ ധോണിയോടൊപ്പം പുറത്താകാതെ നിന്നു.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ബാംഗ്ലൂരൂര്‍ ഡികോക്കിന്റെയും എബി ഡിവില്ലിയേഴ്‌സിന്റെയും മികവിലാണ് 205 റണ്‍സ് എന്ന കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയത്. ഡിവില്ലിയേഴ്സ് 30 പന്തുകളിൽ 68 റൺസ് അടിച്ചു കൂട്ടിയപ്പോള്‍
ഡികോക്ക് 37 പന്തിൽ 53 റൺസെടുത്ത് പുറത്തായി.