ചിപ്പി പീലിപ്പോസ്|
Last Modified ശനി, 11 ജനുവരി 2020 (14:33 IST)
ശ്രീലങ്കയ്‌ക്കെതിരേയുള്ള മൂന്നാമത്തെയും അവസാനത്തെയും ടി20യില്‍ വിരാട് കോഹ്ലിയെന്ന കിടിലൻ നായകനെ ഒരിക്കൽ കുടി കണ്ടിരിക്കുകയാണ് ക്രിക്കറ്റ് ലോകവും ആരാധകരും. ഇന്ത്യ വിജയം തൊട്ടിരിക്കുകയാണ്. ഈ പുതുവർഷത്തിൽ ഏതൊരു ടീമിന്റെയും ആദ്യ ട്വന്റി20 വിജയവും പരമ്പര നേട്ടവും ഇന്ത്യയ്ക്കു സ്വന്തം.
ദീർഘനാളുകൾക്കുശേഷം കളിക്കാൻ അവസരം ലഭിച്ച യുവതാരം സഞ്ജു സാംസണെ വൺഡൗണാക്കിയത് ഉൾപ്പെടെ ക്യാപ്റ്റൻ സ്വീകരിച്ച തീരുമാനങ്ങൾ എടുത്ത് പറയേണ്ടതാണ്. തന്റെ പ്രിയപ്പെട്ട പൊസിഷനിൽ സഞ്ജു സാംസണിനെ ഇറക്കി. നേരിട്ട ആദ്യ ബൊളിൽ തന്നെ സഞ്ജു സിക്സ് അടിച്ചപ്പോൾ എഴുന്നേറ്റ് നിന്ന് സന്തോഷത്തോടെ കൈയ്യടിച്ചു.
സൈഡ് ബെഞ്ചിലിരുന്ന മനീഷ് പാണ്ഡെയേയും ശ്രേയസ് അയ്യരേയും ഇറക്കി എല്ലാവർക്കും അവസരം നൽകിയ ശേഷമാണ് കോഹ്ലി ഇറങ്ങിയത്. ബാറ്റിങ്ങിൽ സ്വയം പിന്നിലേക്കിറങ്ങി സഞ്ജു, ശ്രേയസ് അയ്യർ, മനീഷ് പാണ്ഡെ തുടങ്ങിയ താരങ്ങളെ മുന്നിൽ ഇറക്കിയ കോഹ്ലിയുടെ ധൈര്യവും സമ്മതിക്കാതെ വയ്യ.
കളത്തിലിറങ്ങിയപ്പോൾ 17 പന്തിൽ രണ്ടു ഫോറും ഒരു സിക്സും സഹിതം 26 റൺസെടുത്ത് കോലി കരുത്തുകാട്ടുകയും ചെയ്തു. താനൊരു കിടിലൻ ക്യാപ്റ്റനാണെന്ന് കോഹ്ലി ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ്.