സഞ്ജുവിനെ എന്തിനാണ് ഇങ്ങനെ പരിഹസിക്കുന്നത്?

ചിപ്പി പീലിപ്പോസ്| Last Modified വ്യാഴം, 9 ജനുവരി 2020 (15:24 IST)
ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ടി20 പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരം വെള്ളിയാഴ്ച പൂനെയില്‍ നടക്കും. തുടര്‍ച്ചയായ രണ്ടാം ജയത്തോടെ പരമ്പര കൈപ്പിടിയിലാക്കുക എന്ന ഒരു ലക്ഷ്യം മാത്രമേ ക്യപ്റ്റൻ വിരാട് കോഹ്ലിക്കും സംഘത്തിനുമുള്ളു. മറുഭാഗത്ത് പരമ്പരയില്‍ ഒരു കളി പോലും ജയിക്കാൻ കഴിയാത്ത ലങ്കയ്ക്ക് ഈ കളിയെങ്കിലും ജയിച്ചേ മതിയാകൂ എന്ന അവസ്ഥയാണുള്ളത്.

ബൗളിങ്ങായാലും ബാറ്റിങ്ങായാലും ഇപ്പോള്‍ ഇന്ത്യയ്ക്ക് ആശങ്കയില്ല. ഇന്ത്യയുടെ സൈഡ് ബെഞ്ചില്‍പ്പോലും പ്രതിഭകള്‍ നിറഞ്ഞുനില്‍ക്കുകയാണെന്ന് രണ്ടാം ട്വന്റി-20 മത്സരത്തിന് ശേഷം മിക്കി ആര്‍തര്‍ വ്യക്തമാക്കി. അത് സത്യമാണ്. ടീമിന് പുറത്തിരിക്കേണ്ടി വരുന്നത് അത്ര വലിയ പുതുമയല്ലാതെ ആയി മാറിയ മലയാളി താരം സഞ്ജു സാംസണിന് ഇത്തവണയും സൈഡ് ബെഞ്ചിലിരിക്കാൻ തന്നെയായിരിക്കും വിധി.

ഈ മല്‍സരവും നഷ്ടമാവുകയാണെങ്കില്‍ സഞ്ജുവിന് കാഴ്ചക്കാരനാവേണ്ടി വന്ന തുടര്‍ച്ചയായ മൂന്നാമത്തെ പരമ്പരയും എട്ടാമത്തെ കളിയുമായിരിക്കും ഇത്. സഞ്ജുവിനെ ഇങ്ങനെ സൈഡ് ബെഞ്ചിലിരുത്താൻ വേണ്ടി മാത്രമാണെങ്കിൽ പിന്നെ എന്തിനാണ് അടുപ്പിച്ച് ഓരോ ടീമിനുമെതിരായ മത്സരത്തിലേക്ക് താരത്തെ പരിഗണിക്കുന്നതെന്നും ചോദ്യങ്ങളുയരുന്നുണ്ട്.

ബംഗ്ലാദേശ്, വെസ്റ്റ് ഇന്‍ഡീസ് എന്നിവര്‍ക്കെതിരേയുള്ള തൊട്ടുമുമ്പത്തെ ടി20 പരമ്പരകളിലും സഞ്ജു ടീമിന് പുറത്തായിരുന്നു. ഗുവാഹത്തിയിലെ ആദ്യ ടി20 മഴയെടുത്തതു പോലെ മൂന്നാം ടി20യിക്കു കാലാവസ്ഥ വില്ലനാവില്ല. തെളിഞ്ഞ കാലാവസ്ഥ തന്നെയായിരിക്കും വെള്ളിയാഴ്ച. ഇനിയെന്നാണ് സഞ്ജുവിന്റെ കാലാവസ്ഥ തെളിയുന്നത്?.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :