ചിപ്പി പീലിപ്പോസ്|
Last Modified വ്യാഴം, 9 ജനുവരി 2020 (18:24 IST)
2019ലെ ഏകദിന ലോകകപ്പിന് ശേഷം ധോണി ഇതുവരെ നീലക്കുപ്പായമണിഞ്ഞിട്ടില്ല. ഇന്ത്യയ്ക്കായി അദ്ദേഹം ഒരു കളിയിലും പങ്കെടുത്തിട്ടില്ല. ധോണി ഉടൻ വിരമിച്ചേക്കുമെന്ന അഭ്യൂഹങ്ങളും പരന്നു. ഇപ്പോഴിതാ, അക്കാര്യത്തിൽ ഔദ്യോഗികമായ സൂചനകൾ നൽകിയിരിക്കുകയാണ് ഇന്ത്യൻ ടീമിന്റെ പരിശീലകൻ രവി ശാസ്ത്രി.
ഇന്ത്യയുടെ മുന്‍ ഇതിഹാസ നായകനും വിക്കറ്റ് കീപ്പറുമായ എംഎസ് ധോണി വിരമിച്ചേക്കുമെന്നാണ് ശാസ്ത്രി പറയുന്നത്. ഏകദിന ക്രിക്കറ്റില്‍ നിന്നും ധോണി ഉടന്‍ വിരമിക്കല്‍ പ്രഖ്യാപിക്കുമെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് ശാസ്ത്രി. ടെസ്റ്റിൽ നിന്നും അദ്ദേഹം നേരത്തേ തന്നെ വിരമിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഏകദിനത്തിൽ നിന്നും ധോണി ഉടൻ തന്നെ വിരമിക്കുമെന്ന് ശാസ്ത്രി വെളിപ്പെടുത്തിയത്.
വരാനിരിക്കുന്ന ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനു വേണ്ടി ധോണി തീര്‍ച്ചയായും കളിക്കും. ഐപിഎല്ലില്‍ മികച്ച പ്രകടനം നടത്തുകയാണെങ്കില്‍ വരാനിരിക്കുന്ന
ടി20 ലോകകപ്പിനുള്ള ടീമിലേക്കു ധോണിയെ പരിഗണിക്കുമെന്നും ശാസ്ത്രി പറഞ്ഞു. ഐപിഎല്ലില്‍ കസറിയാല്‍ ധോണിയെ ടീമിലേക്കു തിരികെ വിളിക്കുമെന്നും ശാസ്ത്രി പറഞ്ഞു.
എല്ലാ കാര്യങ്ങളും തന്റേതായ ശൈലിയില്‍ പദ്ധതിയിടുന്ന വ്യത്യസ്തനായ നായകനും വിക്കറ്റ് കീപ്പറുമായിരുന്നു ധോണി. നായകപ്പട്ടം വിരാട് കോഹ്ലിക്ക് കൈമാറിയെങ്കിലും സമ്മർദഘട്ടങ്ങളിലൊക്കെ ധോണിയിലെ ‘നായകനെ’ നമ്മൾ കണ്ടതാണ്.