കൊവിഡ് ചികിത്സയില്‍ കഴിയുന്നവര്‍ക്ക് വീട്ടിലേക്ക് വീഡിയോ കാള്‍ ചെയ്യാനുള്ള പദ്ധതിക്ക് തുടക്കമായി

ശ്രീനു എസ്| Last Modified വെള്ളി, 25 ജൂണ്‍ 2021 (08:51 IST)
തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന കോവിഡ് രോഗികള്‍ക്ക് വീഡിയോ കോള്‍ വഴി വീട്ടിലേക്ക് വിളിക്കാന്‍ കഴിയുന്ന 'വീട്ടുകാരെ വിളിക്കാം' പദ്ധതിയുടെ ലോഞ്ചിംഗ് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിച്ചു. ആറാം വാര്‍ഡില്‍ ചികിത്സയില്‍ കഴിയുന്ന 33 വയസുള്ള ബാലരാമപുരം സ്വദേശിയെ മന്ത്രി വീഡിയോ കോളിലൂടെ കണ്ട് സംസാരിച്ചാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. വാര്‍ഡിലെ ഡോക്ടര്‍മാരുമായും മന്ത്രി സംസാരിച്ചു. മെഡിക്കല്‍ കോളേജ് അലുമ്നി അസോസിയേഷന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.

കോവിഡ് രോഗികളുടെ ക്ഷേമം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് മെഡിക്കല്‍ കോളേജില്‍ ഇങ്ങനെയൊരു പദ്ധതി തയ്യാറാക്കിയതെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. മെഡിക്കല്‍ കോളേജ് ആശുപത്രി ഇന്‍ഫര്‍മേഷനില്‍ ഇതിനായി മൂന്നു പേരെ നിയമിച്ചിട്ടുണ്ട്. എല്ലാ കോവിഡ് വാര്‍ഡുകളിലും ഫോണും ടാബും നല്‍കും. വീട്ടിലുള്ളവര്‍ രോഗിയുടെ വിവരങ്ങള്‍ എസ്.എം.എസ് അയച്ചാല്‍ ആ രോഗികളുമായി വീഡിയോ കോള്‍ ചെയ്യാനാകും. അതിനുള്ള സൗകര്യം ആരോഗ്യ പ്രവര്‍ത്തകര്‍ ചെയ്യും. പാവപ്പെട്ട രോഗികള്‍ക്ക് ഇതേറെ സഹായകരമാണ്. വീട്ടുകാരെ നേരില്‍ കണ്ട് സംസാരിക്കുന്നതിലൂടെ അവരുടെ മാനസിക സംഘര്‍ഷങ്ങള്‍ കുറയ്ക്കാനും സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ബുക്ക് ചെയ്യുന്ന വീട്ടുകാരെ വൈകുന്നേരം മൂന്നു മുതല്‍ അഞ്ചു മണിവരെ വീഡിയോ കോള്‍ വഴി തിരികെ വിളിക്കും. വെള്ളിയാഴ്ച മുതല്‍ ഈ സേവനം ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഇന്‍ഫര്‍മേഷന്റെ 0471 2528225 എന്ന നമ്പരില്‍ ബന്ധപ്പെടാം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :