അഭിറാം മനോഹർ|
Last Modified വ്യാഴം, 17 മാര്‍ച്ച് 2022 (20:51 IST)
ഒരു ഇടവേളയ്ക്ക് ശേഷം കൊവിഡ് കേസുകൾ വീണ്ടും ഉയരുന്ന സാഹചര്യത്തിൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ച് ലോകാരോഗ്യസംഘടന. ലോകത്ത് കൊവിഡ് കേസുകൾ കുറയുന്നുവെങ്കിലും ചിലയിടങ്ങളിലെ കോവിഡ് കേസുകളുടെ വർധനവ് ഗുരുതര പ്രശ്നത്തിലേക്ക് നയിക്കുമെന്ന്
ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നൽകി.
ഒരു മാസത്തിലേറെയായി കൊവിഡ് കേസുകൾ കുറഞ്ഞശേഷം കഴിഞ്ഞയാഴ്‌ച്ച മുതൽ ലോകമെമ്പാടും കൊവിഡ് കേസുകളിൽ വർധനവ് രേഖപ്പെടുത്തിയിരുന്നു. 11 മില്യൺ കോവിഡ് കേസുകളും 43,000 മരണവുമാണ് അവസാന ആഴ്‌ചയിൽ റിപ്പോർട്ട് ചെയ്തത്.രോഗബാധിതരുടെ എണ്ണം മുൻപത്തെ ആഴ്ച്ചയേക്കാൾ 8% വർധിച്ചതായി ഡബ്യുഎച്ച്ഒ ചൂണ്ടിക്കാട്ടി.
ഒമിക്രോണിന്റെയും ഉപവിഭാഗമായ ബിഎ.2വിന്റെയും അതിതീവ്ര വ്യാപനമാണ് കോവിഡ് കേസുകൾ വർധിക്കാൻ കാരണം. രാജ്യങ്ങൾ നിയന്ത്രണങ്ങൾ എടുത്തുകളയുന്നതും കേസുകൾ വർധിക്കുന്നതിനിടയാക്കുന്നു. ചില രാജ്യങ്ങളിൽ കേസുകൾ കുറയുമ്പോഴും ആഗോളതലത്തിൽ വർധനവ് രേഖപ്പെടുത്തുകയാണ്. ഇതിനർഥം നാം ഇപ്പോൾ കാണുന്ന കേസുകൾ മഞ്ഞുമലയുടെ അഗ്രം മാത്രമാണ്.ലോകാരോഗ്യ സംഘടനയുടെ തലവൻ ടെഡ്രോസ് അദാനം ഗെബ്രെസൂസ് പറഞ്ഞു.