‘വേട്ടൈ’ റീമേക്കില്‍ നിന്ന് അഭിഷേക് ബച്ചന്‍ പിന്‍‌മാറി

WEBDUNIA|
PRO
ലിംഗുസാമി സംവിധാനം ചെയ്ത ‘വേട്ടൈ’ എന്ന തമിഴ് ചിത്രത്തിലെ നായകനായി ആദ്യം തീരുമാനിച്ചിരുന്നത് ചിലമ്പരശനെയാണ്. എന്നാല്‍ തിരക്കഥ പൂര്‍ത്തിയായി ഷൂട്ടിംഗിന്‍റെ എല്ലാ നടപടികളും തുടങ്ങിയ ശേഷം ചിമ്പു ആ സിനിമയില്‍ നിന്ന് പിന്‍‌മാറി. മാത്രമല്ല ‘വേട്ടൈ മന്നന്‍’ എന്ന പുതിയ ഒരു പ്രൊജക്ടിനായി കരാര്‍ ഒപ്പിടുകയും ചെയ്തു.

പിന്നീട് തിരക്കഥയില്‍ കുറേ മാറ്റം വരുത്തിയ ശേഷം ഇളയദളപതി വിജയെ ലിംഗുസാമി സമീപിച്ചു. ‘മറ്റൊരാളെ മനസില്‍ കണ്ടെഴുതിയ സ്ക്രിപ്റ്റില്‍ അഭിനയിക്കാന്‍ കഴിയില്ല’ എന്ന് വിജയ് അറിയിച്ചു. തുടര്‍ന്നാണ് ആര്യ ആ കഥാപാത്രത്തെ ഏറ്റെടുക്കാന്‍ തയ്യാറായത്. ആര്യയുടെ സഹോദരനായി മാധവനും അഭിനയിച്ചു. പടം പുറത്തിറങ്ങി മെഗാഹിറ്റായി മാറി. മിതമായ ബജറ്റില്‍ പുറത്തിറങ്ങിയ ‘വേട്ടൈ’ 57 കോടി രൂപയാണ് തിയേറ്ററുകളില്‍ നിന്ന് വെട്ടിപ്പിടിച്ചത്.

‘വേട്ടൈ’ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുന്ന വിവരം മലയാളം വെബ്‌ദുനിയ നേരത്തേ റിപ്പോര്‍ട്ട് ചെയ്തതാണ്. അബ്ബാസ് - മസ്താന്‍ ടീമാണ് സംവിധാനം ചെയ്യുന്നത്. അഭിഷേക് ബച്ചനും ജോണ്‍ ഏബ്രഹാമും നായകന്‍‌മാരാകുന്നു എന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ പുതിയ വാര്‍ത്ത, അഭിഷേക് ബച്ചന്‍ ഈ സിനിമയില്‍ നിന്നും പിന്‍‌മാറി എന്നാണ്.

ഡേറ്റ് പ്രശ്നങ്ങള്‍ കാരണമാണത്രേ അഭിഷേക് ബച്ചന്‍ പിന്‍‌മാറിയത്. എന്നാല്‍ അബ്ബാസ് - മസ്താന്‍ ടീമിന്‍റെ കഴിഞ്ഞ ചിത്രമായ ‘പ്ലയേഴ്സ്’ പരാജയമായതാണ് അഭിഷേകിന്‍റെ പിന്‍മാറ്റത്തിന് കാരണമെന്ന് സൂചനയുണ്ട്. പ്ലയേഴ്സില്‍ അഭിഷേക് ബച്ചനായിരുന്നു നായകന്‍.

അത് മാത്രമല്ല, മണിരത്നം സംവിധാനം ചെയ്യുന്ന പുതിയ സിനിമയില്‍ അഭിഷേകിനെ നായകനായി പരിഗണിക്കുന്നതായും വിവരമുണ്ട്. അഭിഷേകിന്‍റെ പിന്‍‌മാറ്റത്തിന് ഇതും കാരണമായി പറയപ്പെടുന്നു. എന്തായാലും അഭിഷേകിന് പകരക്കാരനെ അന്വേഷിക്കുകയാണ് ഇപ്പോള്‍ അബ്ബാസ് - മസ്താന്‍.

വാല്‍ക്കഷണം: വേട്ടൈയുടെ തുടക്കത്തില്‍ ചിലമ്പരശന്‍ പിന്‍‌മാറിയപ്പോഴുണ്ടായ അതേ അനുഭവങ്ങളാണ് ഇപ്പോള്‍ അതിന്‍റെ ഹിന്ദി റീമേക്കിന്‍റെ കാര്യത്തിലും സംഭവിക്കുന്നത്. ഒരു കാര്യം കൌതുകകരമാണ്. ‘വേട്ടൈ’ വേണ്ടെന്നുവച്ച് ചിലമ്പരശന്‍ ആരംഭിച്ച ‘വേട്ടൈ മന്നന്‍’ എന്ന സിനിമയുടെ ഷൂട്ടിംഗ് പോലും ഇതുവരെ പൂര്‍ത്തിയായിട്ടില്ല!


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :