മോഹന്‍ലാലും സിദ്ദിക്കും രണ്ട് പതിറ്റാണ്ടുകള്‍ക്ക് ശേഷം ഒത്തുചേരുകയാണ്. ‘ലേഡീസ് ആന്‍റ് ജെന്‍റില്‍മാന്‍’ എന്ന് പേരിട്ട പടം ചിത്രീകരണം പുരോഗമിക്കുകയാണ്. ചന്ദ്രബോസ് എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.
‘ഐ ആം ചന്ദ്രബോസ്, എ ജെന്‍റില്‍മാന്‍’ എന്നാണ് ആരെ പരിചയപ്പെട്ടാലും ചന്ദ്രബോസ് ആദ്യം പറയുക. ഇങ്ങനെയൊരു പരിചയപ്പെടലില്‍ ആര്‍ക്കും അല്‍പ്പം കല്ലുകടി തോന്നുമെങ്കിലും പിന്നീട് മനസിലാകും അത് പൂര്‍ണമായും ശരിയാണെന്ന്. വിരല്‍ത്തുമ്പുവരെ മാന്യനാണ് ചന്ദ്രബോസ്.
മനസ്സുനിറയെ നന്‍മയുള്ള വ്യക്തി. അയാള്‍ എവിടെനിന്നുവന്നെന്നോ, എന്താണ് അയാളുടെ ലക്‍ഷ്യമെന്നോ, ആരാണ് അയാള്‍ എന്നോ ആര്‍ക്കും അറിയില്ല. അയാള്‍ ഒന്നിനെക്കുറിച്ചും ആകുലപ്പെടുന്നില്ല. പരമാവധി സത്യസന്ധമായി, പവര്‍ഫുളായി, ക്രിയേറ്റീവായി ‘ഇന്ന്’ എന്ന സത്യത്തെ ഉള്‍ക്കൊണ്ട് ജീവിക്കുക എന്നതുമാത്രമാണ് അയാളുടെ രീതി. ആര്‍ക്കും വളരെ ഈസിയായി അയാളിലേക്കെത്താം. എന്ത് സഹായവും ചോദിക്കാം. ‘നോ’ എന്നൊരു മറുപടി അയാളില്‍ നിന്ന് ഉണ്ടാകില്ല.
ഇങ്ങനെയുള്ള ചന്ദ്രബോസിന്‍റെ ജീവിതത്തിലേക്ക് നാല് സ്ത്രീകള്‍ കടന്നുവന്നാലോ? അപ്പോള്‍ സംഭവിക്കുന്ന രസങ്ങളാണ് ‘ലേഡീസ് ആന്‍റ് ജെന്‍റില്‍മാന്‍’ പറയുന്നത്. പൂര്‍ണമായും ഒരു കോമഡി ഫാമിലി എന്‍റര്‍ടെയ്നറായിരിക്കും ഈ സിനിമ. മോഹന്‍ലാലിന്‍റെ ഹ്യൂമര്‍ പ്രകടനമായിരിക്കും ഈ ചിത്രത്തിന്‍റെ ഹൈലൈറ്റ്.
മീരാ ജാസ്മിന്‍ ഈ സിനിമയിലൂടെ വീണ്ടും മോഹന്‍ലാലിന്‍റെ നായികയാകുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. എന്നാല്‍ മോഹന്‍ലാലിന്‍റെ ഭാര്യാവേഷത്തില്‍ എത്തുന്നത് മംമ്തയാണ്. ജ്യോതി എന്ന എയര്‍ഹോസ്റ്റസായി പത്മപ്രിയ എത്തുന്നു. മിത്രാ കുര്യനും ചിത്രത്തിലെ നായികയാണ്. സത്താറിന്‍റെയും ജയഭാരതിയുടെയും മകന്‍ കൃഷ് ഒരു പ്രധാന വേഷത്തിലെത്തുന്നു. മനോജ് കെ ജയന്‍, ഗണേഷ്കുമാര്‍, ശിവജി ഗുരുവായൂര്‍, കൃഷ്ണകുമാര്‍ തുടങ്ങിയവരും അഭിനയിക്കുന്നു. റഫീഖ് അഹമ്മദിന്‍റേതാണ് ഗാനങ്ങള്‍. ഛായാഗ്രഹണം സതീഷ് കുറുപ്പ്.
വിയറ്റ്നാം കോളനിയേക്കാള്‍ വലിയ ഒരു വിജയചിത്രത്തിനായാണ് മോഹന്‍ലാലും സിദ്ദിക്കും ഈ പ്രൊജക്ടിലൂടെ വീണ്ടും ഒത്തുചേരുന്നത്.