സൂപ്പര്‍സ്റ്റാറിന്‍റെ സിനിമയിറങ്ങണോ? നേതാക്കള്‍ കനിയണം!

 കത്തി, മുരുഗദോസ്, വൈക്കോ, വിജയ്, സാമന്ത
Last Modified വ്യാഴം, 31 ജൂലൈ 2014 (16:10 IST)
തമിഴ് സംവിധായകന്‍ എ ആര്‍ മുരുഗദോസ് ഓട്ടത്തിലാണ്. ഇളയദളപതി വിജയ് നായകനാകുന്ന 'കത്തി' എന്ന തന്‍റെ പുതിയ സിനിമ തിയേറ്ററിലെത്തിക്കാനാണ് ഓട്ടം. ഒരു സിനിമ പ്രദര്‍ശനത്തിനെത്തിക്കാനുള്ള സ്വാഭാവികമായ ശ്രമത്തിന്‍റെ ഭാഗമായല്ല സംവിധായകന്‍ കിടന്ന് ഓടുന്നത്. തമിഴ്നാട്ടിലെ രാഷ്ട്രീയ - സാമുദായിക നേതാക്കളെ കണ്ട് സഹായം അഭ്യര്‍ത്ഥിക്കുകയാണ് ലക്‍ഷ്യം.

'കത്തി'യുടെ നിര്‍മ്മാതാക്കള്‍ ആരാണ് എന്നതാണ് ഇവിടുത്തെ പ്രശ്നം. ലണ്ടന്‍ ആസ്ഥാനമായുള്ള ലൈക പ്രൊഡക്ഷന്‍സും ഐങ്കരന്‍ ഇന്‍റര്‍നാഷണലും ചേര്‍ന്നാണ് കത്തി നിര്‍മ്മിക്കുന്നത്. ഇതില്‍ ലൈക പ്രൊഡക്ഷന്‍സിന്‍റെ അമരത്തുള്ളവര്‍ക്ക് ശ്രീലങ്കന്‍ പ്രസിഡന്‍റ് മഹിന്ദ രാജപക്ഷെയുമായി അടുത്ത ബന്ധമുണ്ട് എന്ന ആരോപണമാണ് മുരുഗദോസിനെ ചുറ്റിക്കുന്നത്.

ശ്രീലങ്കയുടെ തമിഴ് വിരുദ്ധ നയങ്ങള്‍ക്കെതിരെ തമിഴ്നാട്ടില്‍ ശക്തമായ പ്രതിഷേധം നിലനില്‍ക്കുന്ന സമയമാണല്ലോ. ലൈക പ്രൊഡക്ഷന്‍സ് എന്ന കമ്പനി ശ്രീലങ്കയെ അനുകൂലിക്കുന്ന കമ്പനിയാണെന്നും തമിഴ് വിരുദ്ധ സമീപനങ്ങള്‍ക്ക് അനുകൂലമാണെന്നും പ്രചരണം ശക്തമാണ്. ആ കമ്പനി നിര്‍മ്മിക്കുന്ന സിനിമ, അത് ഏത് സൂപ്പര്‍താരത്തിന്‍റെ ആയാലും തമിഴകത്ത് പ്രദര്‍ശിപ്പിക്കാനാവില്ലെന്ന് വിജയ്ക്കും മുരുഗദോസിനും നന്നായി അറിയാം.

പടം ദീപാവലി റിലീസ് ആണെങ്കിലും അതിന് മുമ്പ് തമിഴകത്തെ എല്ലാ സാമുദായിക - മത - രാഷ്ട്രീയ നേതാക്കളെയും കണ്ട് സഹായം അഭ്യര്‍ത്ഥിക്കുന്ന തിരക്കിലാണ് മുരുഗദോസ്. നെടുമാരന്‍, സീമാന്‍, തിരുമാവളവന്‍ തുടങ്ങിയ നേതാക്കളെ അദ്ദേഹം കണ്ടുകഴിഞ്ഞു. വൈക്കോയുമായി ഉടന്‍ ചര്‍ച്ച നടത്തുന്നുണ്ട്.

ലൈക പ്രൊഡക്ഷന്‍സിന് ശ്രീലങ്കന്‍ സര്‍ക്കാരുമായി ഒരു ബന്ധവുമില്ല എന്നാണ് മുരുഗദോസ് എല്ലാവരോടും വ്യക്തമാക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :