Last Updated:
ചൊവ്വ, 16 സെപ്‌റ്റംബര്‍ 2014 (20:54 IST)
'ഐ' സിനിമയുടെ ഓഡിയോ ലോഞ്ച് ചടങ്ങ് ലോകശ്രദ്ധ നേടിയതോടെ വിവാദങ്ങളും തലപൊക്കിത്തുടങ്ങി. ചടങ്ങിലേക്ക് ചിത്രത്തിലെ പ്രധാന വില്ലനായ സുരേഷ്ഗോപിയെ ക്ഷണിച്ചിരുന്നില്ല എന്നതാണ് സോഷ്യല്‍ മീഡിയകളില്‍ ചര്‍ച്ചാവിഷയമാകുന്നത്. സുരേഷ്ഗോപി ചടങ്ങിനെത്തിയില്ലെന്ന് മാത്രമല്ല, ആദ്യം റിലീസായ ടീസറില്‍ സുരേഷ്ഗോപിയെ കാണിക്കുന്നുമില്ല എന്നത് ആരാധകരെ നിരാശരാക്കി.
സുരേഷ്ഗോപിക്ക് ഓഡിയോ ലോഞ്ച് ചടങ്ങിലേക്കുള്ള ടിക്കറ്റ് പോലും അണിയറ പ്രവര്‍ത്തകര്‍ അയച്ചുകൊടുത്തിരുന്നില്ലത്രേ. 'ഐ'യുടെ അണിയറ പ്രവര്‍ത്തകരുമായി സുരേഷ്ഗോപി കടുത്ത അഭിപ്രായവ്യത്യാസത്തിലായിരുന്നു എന്നും സുരേഷിനെ ചടങ്ങില്‍ ക്ഷണിക്കാതിരുന്നതിന് ഇതാണ് കാരണമെന്നുമാണ് റിപ്പോര്‍ട്ടുകള്‍.
'ഐ'യുടെ ചിത്രീകരണം രണ്ടുവര്‍ഷത്തോളം നീണ്ടപ്പോള്‍ സുരേഷ്ഗോപിക്കാണ് ഏറ്റവും ബുദ്ധിമുട്ടുണ്ടായത്. അദ്ദേഹം നല്‍കിയ ഡേറ്റുകള്‍ പൂര്‍ണമായും തീര്‍ന്നിട്ടും ഏറെ രംഗങ്ങള്‍ അദ്ദേഹത്തെ വച്ച് ചിത്രീകരിക്കാന്‍ ബാക്കിയുണ്ടായിരുന്നു. ഇതില്‍ അസ്വസ്ഥനായ സുരേഷ്ഗോപി തന്‍റെ രംഗങ്ങള്‍ വേഗത്തില്‍ ചിത്രീകരിക്കണമെന്ന് അണിയറപ്രവര്‍ത്തകരോട് ആവശ്യപ്പെട്ടുവത്രേ. ഇതേത്തുടര്‍ന്ന് ഐയുടെ അണിയറപ്രവര്‍ത്തകരും സുരേഷ്ഗോപിയുമായുള്ള ബന്ധം വഷളാവുകയായിരുന്നു.
എന്തായാലും 'ഐ' സുരേഷ്ഗോപിയുടെ അഭിനയജീവിതത്തിലെ ഏറ്റവും ചെലവേറിയ സിനിമയാണ്. വിക്രമിനൊപ്പം സുരേഷ്ഗോപി അഭിനയിക്കുന്നത് ഇതാദ്യമല്ല. രജപുത്രന്‍, മാഫിയ തുടങ്ങിയ സിനിമകളില്‍ ഇരുവരും ഒന്നിച്ചിട്ടുണ്ട്. അന്നൊക്കെ പക്ഷേ സുരേഷ്ഗോപിയായിരുന്നു നായകന്‍ എന്നുമാത്രം.