'വീരപുത്രന്‍'; ആരോപണങ്ങള്‍ അസംബന്ധം!

Veeraputhran
WEBDUNIA|
PRO
PRO
മുഹമ്മദ്‌ അബ്ദുള്‍ റഹ്മാന്‍ സാഹിബിനെ ചതിച്ച് കൊല്ലുകയായിരുന്നു എന്ന വാദം അവതരിപ്പിച്ച വീരപുത്രന്‍ എന്ന സിനിമയ്ക്കെതിരെ ഉയര്‍ന്നിരിക്കുന്ന ആരോപണങ്ങളെല്ലാം അസംബന്ധമാണെന്ന് സംവിധായകന്‍ പിടി കുഞ്ഞുമുഹമ്മദ്. സൂക്ഷ്മമായി ചരിത്രം പഠിച്ച ശേഷമാണ് താന്‍ സിനിമ സംവിധാനം ചെയ്തിരിക്കുന്നത് എന്നാണ് പിടി കുഞ്ഞുമുഹമ്മദ് പറയുന്നത്.

ബ്രിട്ടീഷ് അനുകൂലിയായും ചേന്ദമംഗലൂരിലെ അധികാരിയുമായിരുന്ന കളത്തിങ്കല്‍ അബ്ദുസലാമിന്റെ വീട്ടില്‍ നിന്ന് ഭക്ഷണം കഴിച്ച ശേഷമാണ് അബ്ദുള്‍ റഹ്മാന്‍ സാഹിബ് കുഴഞ്ഞ് വീണ് മരിക്കുന്നത്. അബ്ദുസലാമിന്റെ കുടുംബത്തിന്‌ ബ്രിട്ടീഷ്‌ ഉദ്യോഗസ്ഥരുമായും ആമു സാഹിബുമായുള്ള ബന്ധത്തെ ചൂണ്ടിക്കാണിച്ച് കൊണ്ട് കൊലപാതകസാധ്യത തള്ളിപ്പറയാന്‍ പറ്റില്ലെന്നാണ് പിടി കുഞ്ഞുമുഹമ്മദ് പറയുന്നത്.

എന്നാല്‍ അബ്ദുസലാമിന്റെ മകനും പ്രമുഖ എഴുത്തുകാരനുമായ ഹമീദ് ചേന്ദമംഗലൂര്‍ ഈ വികലവീക്ഷണത്തിനെതിരെ പ്രതികരിച്ചിട്ടുണ്ട്. തന്റെ കുടുംബത്തെ അപമാനിക്കുന്ന ഈ സിനിമ ഉടനടി തിയേറ്ററുകളില്‍ നിന്ന് പിന്‍വലിക്കണം എന്നാണ് ഹമീദ് ചേന്ദമംഗലൂര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

ബ്രിട്ടീഷ്‌ സാമ്രാജ്യത്വത്തിന് എതിരെ നിരന്തരം ശബ്ദമുയര്‍ത്തുകയും പോരാട്ടങ്ങള്‍ക്ക് നേതൃത്വം വഹിക്കുകയും ചെയ്ത അബ്ദുള്‍റഹ്മാന്‍ സാഹിബിനെ ചതിപ്രയോഗത്തിലൂടെ മാത്രമേ ഉന്മൂലനംചെയ്യാന്‍ പറ്റുകയുള്ളൂവെന്ന്‌ ബ്രിട്ടീഷ്‌ സേനയ്ക്കു നന്നായറിയാമായിരുന്നു. സാഹിബിന്റെ അടുത്ത സുഹൃത്തായിരുന്ന അധികാരിയെ ബ്രിട്ടീഷുകാര്‍ കരുവാക്കിയതാവാം എന്നതാണ്‌ ചേന്ദമംഗല്ലൂര്‍ പ്രദേശവാസികള്‍ പറയുന്നത്.

വീരപുത്രനെ ചൊല്ലി വിവാദങ്ങള്‍ ഉയര്‍ന്ന് തുടങ്ങിയിട്ടുണ്ടെങ്കിലും തീയേറ്ററുകളില്‍ വീരപുത്രന്‍ പരാജയപ്പെട്ടു എന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. വിശാലമായ ക്യാന്‍വാസില്‍ ഒരുക്കിയിട്ടും ചിത്രം മനസിലേക്ക്‌ ഇറങ്ങിച്ചെല്ലാത്തതിന്റെ കാരണം ദുര്‍ബലമായ തിരക്കഥ തന്നെയാണ്‌. എന്‍പി മുഹമ്മദിന്റെ കഥയാണ്‌ ചിത്രത്തിന് ആധാരമെങ്കിലും സംഭാഷണം പലപ്പോഴും നാടകീയമായി. രമേഷ്‌ നാരായണന്‍ ഈണമിട്ട വരികള്‍ നിലവാരം പുലര്‍ത്തി. സാഹിബിന്റെ വേഷം നരേന്‍ എന്ന യുവനടന് നേട്ടമുണ്ടാക്കും എന്ന് പറയാതെ വയ്യ.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :