സിനിമയില്‍ കഴിവുണ്ടായാല്‍ മാത്രം പോരാ, അല്‍പ്പം ഭാഗ്യവും വേണം എന്നൊരു പറച്ചിലുണ്ട്. എന്നാല്‍ കഴിവും ഭാഗ്യവുമല്ല, മറ്റുള്ളവര്‍ക്ക് പാര പണിയാനും മറ്റുള്ളവരുടെ പാരയില്‍ നിന്ന് രക്ഷപ്പെടാനുമുള്ള വൈഭവം കൂടിയുണ്ടെങ്കിലേ സിനിമയില്‍ താരമാകാന്‍ കഴിയൂ എന്നാണ് പലരുടെയും അനുഭവം തെളിയിക്കുന്നത്. കഴിവുണ്ടായിട്ടും ഭാഗ്യമോ പാര പണിയാനുള്ള പാടവമോ ഇല്ലാത്തതുകാരണം ഉയരങ്ങളിലെത്താത്ത ഒരു നടന്‍ മലയാളത്തിലുണ്ട് - നരേന്‍.
തനിക്കെതിരെ പലരും കളിച്ചിട്ടുണ്ടെങ്കിലും അവരെയൊന്നും കുറ്റപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ലെന്നാണ് നരേന്‍ പറയുന്നത്. “മലയാള സിനിമയില്‍ എനിക്ക് സംഭവിച്ച ഗ്യാപ്പുകള്‍ക്ക് പിന്നില്‍ പാരകള്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് പലരും പറഞ്ഞിട്ടുണ്ട്. എനിക്കറിയില്ല. അറിയാന്‍ ആഗ്രഹവുമില്ല. പലരും കളിച്ചിട്ടുണ്ട്. അതവരുടെ സ്വഭാവമായി കാണുന്നു. അതുകൊണ്ട് കുറ്റപ്പെടുത്തുന്നില്ല.” - നരേന്‍ പറയുന്നു.
“സെല്‍ഫ് ബൂസ്റ്റിംഗ് വേണ്ടത്ര ശ്രദ്ധിക്കാത്ത ആര്‍ട്ടിസ്റ്റാണ് ഞാന്‍. പിന്നെ, ഞാന്‍ ഉദ്ദേശിക്കുന്ന തരത്തിലുള്ള ചിത്രങ്ങള്‍ എന്നെ തേടി എത്തിയിട്ടില്ല. പകരക്കാരനായാണ് പല സിനിമകളിലും എത്തിയത്. അതുപോലെ ഞാന്‍ ചെയ്യാമെന്നേറ്റ പല കഥാപാത്രങ്ങളും അവസാന നിമിഷം മറ്റുചിലരിലേക്ക് മാറ്റപ്പെട്ടിട്ടുണ്ട്. അതൊന്നും വലിയ പ്രശ്നമായി തോന്നിയിട്ടില്ല. ഓരോരുത്തര്‍ക്കും ഓരോന്ന് വിധിച്ചിട്ടുണ്ട്. അതവര്‍ക്കു തന്നെ കിട്ടും.” - ഒരു സിനിമാ വാരികയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ നരേന്‍ വ്യക്തമാക്കി.
പി ടി കുഞ്ഞുമുഹമ്മദ് സംവിധാനം ചെയ്യുന്ന ‘വീരപുത്രന്‍’ എന്ന ചരിത്ര സിനിമയില്‍ അബ്ദുറഹ്‌മാന്‍ സാഹിബായാണ് ഇപ്പോള്‍ നരേന്‍ അഭിനയിക്കുന്നത്. റെയ്മ സെന്‍ ആണ് നായിക. പൃഥ്വിരാജ് ആണ് ആദ്യം ഈ ചിത്രത്തില്‍ നായകവേഷം ചെയ്യാനിരുന്നത്. പൃഥ്വി പിന്‍മാറിയതോടെയാണ് വീരപുത്രനായി നരേന്‍ എത്തിയത്.
“ഇനി സിനിമയില്‍ സജീവമാകണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. അതിനു വേണ്ടി വിട്ടുവീഴ്ചകള്‍ക്കും ഞാന്‍ തയ്യാറാണ്. സിനിമയുടെ എണ്ണം കൂട്ടാന്‍ തന്നെയാണ് തീരുമാനം” - നരേന്‍ പറഞ്ഞു.