മോഹന്‍ലാല്‍ ചരിത്ര ഗവേഷകന്‍!

WEBDUNIA|
PRO
മോഹന്‍ലാലിന് ഒട്ടേറെ പുരസ്കാരങ്ങള്‍ നേടിക്കൊടുത്ത സിനിമയായിരുന്നു ‘പരദേശി’. ആ സിനിമയ്ക്ക് ശേഷം പി ടി കുഞ്ഞുമുഹമ്മദ് സംവിധാനം ചെയ്യുന്ന ‘വീരപുത്രന്‍’ എന്ന ചരിത്രാഖ്യായികയില്‍ മോഹന്‍ലാലും അഭിനയിക്കുന്നു. ഒരു ചരിത്ര ഗവേഷകന്‍റെ വേഷത്തിലാണ് മോഹന്‍ലാല്‍ വീരപുത്രനില്‍ എത്തുക.

ചെറിയ കഥാപാത്രമാണെങ്കിലും സിനിമയുടെ ഗതി നിയന്ത്രിക്കുന്നത് ഈ ചരിത്ര ഗവേഷകനാണ്. ഇയാള്‍ ധീര ദേശാഭിമാനിയായ മുഹമ്മദ് അബ്ദുറഹ്‌മാന്‍ സാഹിബിന്‍റെ ജീവിതത്തെക്കുറിച്ച് നടത്തുന്ന അന്വേഷണങ്ങളാണ് ചിത്രത്തിന്‍റെ പ്രമേയം. അബ്ദുറഹ്‌മാന്‍ സാഹിബായി നരേന്‍ അഭിനയിക്കുന്നു. സാഹിബിന്‍റെ ഭാര്യയായ കുഞ്ഞുബീവാത്തുവായി ബോളിവുഡ് താരം റെയ്മ സെന്‍ വേഷമിടുന്നു.

വീരപുത്രന്‍റെ ഷൂട്ടിംഗ് 80 ശതമാനവും പൂര്‍ത്തിയായി. ഇനി മോഹന്‍ലാലിന്‍റെ രംഗങ്ങളാണ് ചിത്രീകരിക്കേണ്ടത്. സെപ്റ്റംബറില്‍ കോഴിക്കോട്ട് ഈ രംഗങ്ങള്‍ ചിത്രീകരിക്കാനാണ് പി ടി കുഞ്ഞുമുഹമ്മദ് ഉദ്ദേശിക്കുന്നത്. കൊടുങ്ങല്ലൂരും കോഴിക്കോട്ടുമായിരുന്നു വീരപുത്രന്‍റെ പ്രധാന ലൊക്കേഷനുകള്‍.

പ്രണയത്തിന് ശേഷം ശക്തമായ ഒരു കഥാപാത്രത്തെ ലഭിച്ചതിന്‍റെ ആവേശത്തിലാണ് മോഹന്‍ലാല്‍. പ്രണയത്തില്‍ മോഹന്‍ലാലിന്‍റെ കഥാപാത്രം 40 മിനിറ്റുനേരമേ സ്ക്രീനിലുണ്ടാകൂ. എന്നാല്‍ സമീപകാലത്ത് മോഹന്‍ലാല്‍ അവതരിപ്പിച്ച ഏറ്റവും മികച്ച കഥാപാത്രം ഇതായിരിക്കുമെന്ന ഉറപ്പ് സംവിധായകന്‍ ബ്ലെസി നല്‍കുന്നു. വീരപുത്രനിലും വളരെക്കുറച്ചു സമയമേ ഉള്ളെങ്കിലും എക്കാലത്തും ഓര്‍ത്തുവയ്ക്കാവുന്ന ഒരു കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്.

1921 ഏപ്രില്‍ 23 മുതല്‍ 1945 നവംബര്‍ 23 വരെയുള്ള കാലഘട്ടമാണ് വീരപുത്രനില്‍ ആവിഷ്കരിക്കുന്നത്. ചിത്രത്തില്‍ നായകനായി പൃഥ്വിരാജിനെയാണ് ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ പൃഥ്വിയുടെ തിരക്കുകള്‍ കാരണം ഷൂട്ടിംഗ് തുടങ്ങാന്‍ താമസം നേരിട്ടതിനാല്‍ നരേനെ നായകനായി നിശ്ചയിക്കുകയായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :