വീണ്ടും വരുന്നൂ, ഹരിഹര്‍ നഗറിലെ നാല്‍‌വര്‍ സംഘം!

WEBDUNIA|
PRO
അവര്‍ വീണ്ടും വരികയാണ്. മഹാദേവനും അപ്പുക്കുട്ടനും ഗോവിന്ദന്‍കുട്ടിയും തോമസുകുട്ടിയും. ഇന്‍ ഹരിഹര്‍ നഗര്‍, ടു ഹരിഹര്‍ നഗര്‍, ഇന്‍ ഗോസ്റ്റ് ഹൌസ് ഇന്‍ എന്നീ സിനിമകളുടെ തുടര്‍ച്ച ഈ വര്‍ഷം അവസാനം ആരംഭിക്കും. അടുത്ത വര്‍ഷം ആദ്യം റിലീസ് ചെയ്യാനാണ് പരിപാടി. സംവിധായകന്‍ ലാലിന് അതിഗംഭീരമായ ഒരു കഥ ലഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

മമ്മൂട്ടിച്ചിത്രമായ ‘കോബ്ര’ പൂര്‍ത്തിയാക്കിയ ശേഷം ലാല്‍ ഹരിഹര്‍നഗര്‍ നാലാം ഭാഗത്തിന്‍റെ ജോലികളിലേക്ക് കടക്കും. മുകേഷ്, ജഗദീഷ്, അശോകന്‍, സിദ്ദിഖ് എന്നിവര്‍ തന്നെ സൂപ്പര്‍ഹിറ്റ് കഥാപാത്രങ്ങള്‍ക്ക് വീണ്ടും ജീവന്‍ നല്‍കും. ലാലിന്‍റെ പദ്ധതിയെക്കുറിച്ച് കേട്ടറിഞ്ഞ നാലു താരങ്ങളും ആവേശത്തിലാണ്.

ആദ്യ മൂന്ന് സിനിമകളും പോലെ ഹരിഹര്‍നഗറിന്‍റെ നാലാം ഭാഗവും ഒരു കോമഡി ത്രില്ലറായിരിക്കും. വേണു ഛായാഗ്രഹണം നിര്‍വഹിക്കുന്ന സിനിമ ലാലും പി എന്‍ വേണുഗോപാലും ചേര്‍ന്ന് നിര്‍മ്മിക്കുമെന്നാണ് ആദ്യ റിപ്പോര്‍ട്ടുകള്‍.

ഇതോടെ, കെ മധു - എസ് എന്‍ സ്വാമി - മമ്മൂട്ടി ടീമിന്‍റെ സി ബി ഐ സീരീസിന്‍റെ റെക്കോര്‍ഡിനൊപ്പം ഹരിഹര്‍നഗറും എത്തുകയാണ്. ഒരു സിനിമയുടെ നാലു ഭാഗങ്ങളിറങ്ങിയതിന്‍റെ റെക്കോര്‍ഡ് ഇപ്പോള്‍ സി ബി ഐ സീരീസിനാണ്. ഈ വര്‍ഷത്തെ മറ്റൊരു മെഗാഹിറ്റിനാണ് ലാല്‍ ആലോചിക്കുന്നതെന്നാണ് സിനിമാലോകത്തെ സംസാരം.

1990ലാണ് ഇന്‍ ഹരിഹര്‍ നഗര്‍ ഇറങ്ങുന്നത്. ആ സിനിമ ഒരു കോമഡി ട്രെന്‍ഡിനു തന്നെ തുടക്കം കുറിച്ചു. 2009ല്‍ ടു ഹരിഹര്‍നഗര്‍, 2010ല്‍ ഇന്‍ ഗോസ്റ്റ് ഹൌസ് ഇന്‍ എന്നിവ ഇറങ്ങി. അവയും ഹിറ്റുകളായി. ഹരിഹര്‍ നഗര്‍ നാലാം ഭാഗത്തിനായി മലയാള സിനിമാലോകം കാത്തിരിക്കുകയാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :