റെഡ് വൈന്‍ വീണു, സലാം ബാപ്പുവിന് മമ്മൂട്ടി ഡേറ്റ് നല്‍കി!

WEBDUNIA|
PRO
ഏറെ പ്രതീക്ഷയുള്ള സിനിമയായിരുന്നു ‘റെഡ് വൈന്‍’. എന്നാല്‍ യാതൊരു ത്രില്ലും സമ്മാനിക്കാത്ത ഒരു ശരാശരി സിനിമ മാത്രമായി അത് മാറിയപ്പോള്‍ മോഹന്‍ലാല്‍ ആരാധകര്‍ക്ക് കടുത്ത നിരാശയാണുണ്ടായത്. തിരക്കഥാ മോഷണത്തിന്‍റെ പേരില്‍ കുപ്രസിദ്ധി നേടിയ ശേഷം തിയേറ്ററിലെത്തിയപ്പോള്‍ ഒട്ടും വീര്യമില്ലാത്ത വീഞ്ഞായി റെഡ് വൈന്‍ മാറുകയായിരുന്നു.

എവിടെയാണ് റെഡ് വൈനിന് പിഴച്ചത്? ആദ്യം തന്നെ സസ്പെന്‍സ് വെളിപ്പെടുത്തിയതില്‍ തുടങ്ങുന്നു പിഴവ്. തിരക്കഥയുടെ കെട്ടുകള്‍ അവിടവിടെ പൊട്ടിയപ്പോള്‍ ദുര്‍ബലമായ സിനിമയായി മാറി. മോഹന്‍ലാല്‍ എന്ന മഹാനടനെ പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലാത്ത ഒരു കഥാപാത്രത്തില്‍ ഒതുക്കിയപ്പോള്‍ പരാജയം പൂര്‍ണമായി.

എന്നാല്‍, താന്‍ പറയാനുദ്ദേശിച്ച വിഷയം വ്യത്യസ്തമായി പറയാനാണ് റെഡ് വൈനിലൂടെ ശ്രമിച്ചതെന്ന് സംവിധായകന്‍ സലാം ബാപ്പു പറയുന്നു. അസാധാരണമായി കഥ പറയാനാണ് ശ്രമിച്ചതെന്ന് പറയുമ്പോള്‍ തന്നെ റെഡ് വൈനിനു നേരെയുണ്ടായ വിമര്‍ശനങ്ങള്‍ ഉള്‍ക്കൊള്ളാനും സലാം ബാപ്പു തയ്യാറാകുന്നു.

എന്തായാലും സലാം തന്‍റെ രണ്ടാമത്തെ സിനിമയ്ക്കുള്ള തയ്യാറെടുപ്പിലാണ്. മമ്മൂട്ടി അദ്ദേഹത്തിന് ഡേറ്റ് നല്‍കിയിരിക്കുന്നു എന്നതാണ് ഏറ്റവും പുതിയ വാര്‍ത്ത. മമ്മൂട്ടി ഈ ചിത്രത്തില്‍ ക്രിസ്ത്യന്‍ പുരോഹിതനായാണ് അഭിനയിക്കുന്നത്. മമ്മൂട്ടി ആദ്യമായാണ് ക്രിസ്ത്യന്‍ പുരോഹിതനായി ഒരു ചിത്രത്തില്‍ വരുന്നത്.

എന്തായാലും മോഹന്‍ലാല്‍ ചിത്രത്തിലൂടെ നേടാന്‍ കഴിയാതെ പോയ വിജയം മമ്മൂട്ടിച്ചിത്രത്തിലൂടെ സ്വന്തമാക്കാന്‍ സലാം ബാപ്പുവിന് കഴിയുമോ? കാത്തിരിക്കാം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :