Last Updated:
വ്യാഴം, 18 സെപ്‌റ്റംബര്‍ 2014 (15:40 IST)
മോഹന്‍ലാല്‍ നിരാശനാണ്. സമീപകാലത്ത് തന്‍റേതായി പുറത്തിറങ്ങിയ സിനിമകള്‍ കാഴ്ചവച്ച മോശം പ്രകടനമാണ് മെഗാതാരത്തെ അസ്വസ്ഥനാക്കുന്നത്. വലിയ പ്രതീക്ഷയോടെ എത്തിയ സിനിമകള്‍ക്ക് പ്രേക്ഷകര്‍ മോശം സ്വീകരണമാണ് നല്‍കിയത്. ഉള്ളടക്കത്തിന്‍റെ പാളിച്ചയാണ് തന്‍റെ സിനിമകള്‍ക്ക് വിനയാകുന്നതെന്ന് തിരിച്ചറിഞ്ഞ മോഹന്‍ലാല്‍ ചില ഉറച്ച തീരുമാനങ്ങള്‍ കൈക്കൊണ്ടിരിക്കുകയാണ്.
ഇനി ഉത്സവസീസണുകളില്‍ മാത്രമേ മോഹന്‍ലാല്‍ സിനിമകള്‍ റിലീസ് ചെയ്യുകയുള്ളൂ. അതും മികച്ച സബ്ജക്ടും ഒന്നാന്തരം തിരക്കഥയുമുള്ള സിനിമകള്‍ മാത്രം. ഈ നിലപാട് യാഥാര്‍ത്ഥ്യമാകുന്നതോടെ വര്‍ഷത്തില്‍ പരമാവധി മൂന്ന് സിനിമകള്‍ മാത്രം എന്ന തീരുമാനത്തിലേക്കാണ് മോഹന്‍ലാല്‍ എത്തുന്നത്.
വിഷു, ഓണം, ക്രിസ്മസ് എന്നീ കാലങ്ങളില്‍ നല്ല കഥകളുമായി എത്തുന്ന സിനിമകള്‍ക്കാണ് മോഹന്‍ലാല്‍ ശ്രമിക്കുന്നത്. അതായത്, ദൃശ്യം പോലെ അത്ഭുതം സൃഷ്ടിക്കാവുന്ന തിരക്കഥകള്‍ക്ക് മാത്രമേ മോഹന്‍ലാല്‍ യെസ് മൂളുകയുള്ളൂ.
ഇനി വരാന്‍ പോകുന്ന ലൈലാ ഓ! ലൈലാ മോഹന്‍ലാലിനെ എക്സൈറ്റഡാക്കിയ സ്ക്രിപ്റ്റാണ്. ബോളിവുഡിലെ നമ്പര്‍വണ്‍ തിരക്കഥാകൃത്ത് സുരേഷ്നായരുടെ രചനയില്‍ ജോഷിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അതിന് ശേഷം രഞ്ജന്‍ പ്രമോദിന്‍റെ തിരക്കഥയില്‍ സത്യന്‍ അന്തിക്കാടിനൊപ്പമുള്ള സിനിമ. ആ ചിത്രത്തില്‍ മഞ്ജു വാര്യരാണ് നായിക.
ദൃശ്യത്തിന് ശേഷം മോഹന്‍ലാലിന്‍റേതായി പ്രദര്‍ശനത്തിനെത്തിയ മിസ്റ്റര്‍ ഫ്രോഡ്, കൂതറ, പെരുച്ചാഴി എന്നീ സിനിമകള്‍ പ്രേക്ഷകര്‍ നിഷ്കരുണം തള്ളിക്കളഞ്ഞിരുന്നു.