ആനന്ദ് സെല്‍ജോ|
Last Updated:
തിങ്കള്‍, 15 സെപ്‌റ്റംബര്‍ 2014 (16:04 IST)
തുടര്‍ച്ചയായി 13 ബോക്സോഫീസ് ഹിറ്റുകള്‍. അങ്ങനെയൊരു കാലം ഉണ്ടായിരുന്നു ദിലീപിന്. മലയാളത്തില്‍ മറ്റൊരു സൂപ്പര്‍താരത്തിനും അവകാശപ്പെടാനാകാത്ത റെക്കോര്‍ഡ്. അതിന് ശേഷമാണ് ദിലീപ് മിനിമം ഗ്യാരണ്ടിയുള്ള നായകനായി വിലയിരുത്തപ്പെട്ടതും ജനപ്രിയനായകനായി ആഘോഷിക്കപ്പെട്ടതും.
നിഷ്കളങ്കമായ നല്ല നര്‍മ്മരംഗങ്ങളായിരുന്നു ദിലീപ് ചിത്രങ്ങളുടെ മുഖമുദ്ര. പഞ്ചാബിഹൌസും കല്യാണരാമനും കുഞ്ഞിക്കൂനനും ജോക്കറും പറക്കും തളികയും ഇഷ്ടവുമെല്ലാം ഇതിന് ഉദാഹരണങ്ങള്‍. എന്നാല്‍ അടുത്തകാലത്തായി നല്ല നര്‍മ്മമുഹൂര്‍ത്തങ്ങളുള്ള സിനിമകള്‍ ദിലീപ് ചെയ്യുന്നില്ല. പകരം കോമഡിക്കുവേണ്ടി കോമഡി സൃഷ്ടിക്കാനുള്ള ശ്രമങ്ങള്‍ മാത്രം.
മായാമോഹിനിമാരും ശൃംഗാരവേലന്‍മാരും കമ്മത്തും മിസ്റ്റര്‍ മരുമകനുമൊക്കെയാണ് ഇപ്പോള്‍ ദിലീപ് ചെയ്യുന്നത്. ഇത്തരം സിനിമകള്‍ ഇനിഷ്യല്‍ കളക്ഷനിലൂടെ വിജയപ്പട്ടികയില്‍ ഇടം നേടുന്നുമുണ്ട്. എന്നാല്‍ ദീര്‍ഘകാലം തിയേറ്ററുകളിലും പ്രേക്ഷകരുടെ മനസിലും നിലനില്‍ക്കുന്ന സിനിമകള്‍ ദിലീപില്‍ നിന്ന് ഉണ്ടാകുന്നില്ല എന്നത് ഈ നടനെ സ്നേഹിക്കുന്നവരെ ആശങ്കപ്പെടുത്തുന്നു.
ദിലീപിന്‍റെ കഴിഞ്ഞ ചിത്രം അവതാരം ഫാന്‍സിനുവേണ്ടി മാത്രം സൃഷ്ടിക്കപ്പെട്ടതായിരുന്നു. ഓണക്കാലത്ത് തിയേറ്ററുകളിലെത്തിയ വില്ലാളിവീരനും വ്യത്യസ്തമല്ല. ഈ രണ്ടുചിത്രങ്ങളും പ്രേക്ഷകര്‍ തള്ളിക്കളയുക കൂടി ചെയ്തതോടെ ദിലീപിന്‍റെ മിനിമം ഗ്യാരണ്ടി പരിവേഷവും നഷ്ടപ്പെടുന്നു എന്ന സ്ഥിതിയിലെത്തിയിരിക്കുന്നു. ഈ നിര്‍ണായകസാഹചര്യം ദിലീപ് മനസിലാക്കുമെന്നും മികച്ച തിരക്കഥകള്‍ കണ്ടെത്താനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതമാക്കുമെന്നും പ്രതീക്ഷിക്കാം.