Last Modified വ്യാഴം, 6 ഒക്‌ടോബര്‍ 2016 (15:38 IST)
ദൃശ്യം എന്ന എക്കാലത്തെയും വലിയ ഹിറ്റ് ചിത്രം തിയേറ്ററുകളിലെത്തിയതിനെക്കുറിച്ച് ഓര്‍മ്മയുണ്ടോ? ആ സിനിമ ഒരു ഹൈപ്പും ഇല്ലാതെയാണ് പ്രദര്‍ശനം ആരംഭിച്ചത്. സംവിധായകന്‍ ജീത്തു ജോസഫ് പോലും ആ സിനിമയെക്കുറിച്ച് പറഞ്ഞത് ഒരു സാധാരണ ചിത്രം എന്നാണ്. എന്നാല്‍ ചിത്രം ആദ്യ ഷോ കഴിഞ്ഞപ്പോള്‍ മുതല്‍ കംപ്ലീറ്റ് പിക്ചറങ്ങ് മാറി. ഇന്ത്യ മുഴുവന്‍ ദൃശ്യം തരംഗമായി.
അതുപോലെയാണ് ഇപ്പോള്‍ മമ്മൂട്ടിയുടെ തോപ്പില്‍ ജോപ്പന്‍ വരുന്നത്. ചിത്രത്തിന് വലിയ ഹൈപ്പില്ല. ആവേശത്തോടെയുള്ള പ്രചരണ കോലാഹലങ്ങളില്ല. 325 തിയേറ്ററുകളിലൊന്നും റിലീസ് ചെയ്യുന്നുമില്ല. സാധാരണ രീതിയിലുള്ള റിലീസാണ്. ആദ്യഷോ കഴിയട്ടെ, മറ്റൊരു ദൃശ്യമാകുമോ എന്ന് കാത്തിരിക്കാം.
എല്ലായിടത്തും അണിയറപ്രവര്‍ത്തകര്‍ പറയുന്നത് ഒന്നുമാത്രം - ചിത്രം മാസാണ്! മമ്മൂട്ടി പറയുന്നത് അങ്ങനെയുമല്ല, കുടുംബത്തില്‍ കയറ്റാവുന്ന ചിത്രം എന്നാണ്. ആന്‍ഡ്രിയയും മംമ്തയുമാണ് ചിത്രത്തിലെ നായികമാര്‍.
50 ശതമാനം പ്രണയവും 50 ശതമാനം ആല്‍ക്കഹോളുമെന്ന് ടാഗ്‌ലൈനുള്ള സിനിമ ജോണി ആന്‍റണിയുടെ ഒരു ക്ലീന്‍ എന്‍റര്‍ടെയ്നറായിരിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമൊന്നുമില്ല. താപ്പാനയ്ക്ക് ശേഷം മമ്മൂട്ടിയും ജോണിയും ഒന്നിക്കുകയാണ് തോപ്പില്‍ ജോപ്പനിലൂടെ.
ഓര്‍ഡിനറിയും മധുരനാരങ്ങയുമൊക്കെ എഴുതിയ നിഷാദ് കോയയാണ് തോപ്പില്‍ ജോപ്പന്‍റെ രചയിതാവ്. പുലിമുരുകനൊപ്പം പ്രദര്‍ശനത്തിനെത്തുന്നു എന്നതുകൊണ്ടുതന്നെ തോപ്പില്‍ ജോപ്പന്‍റെ വിജയം മമ്മൂട്ടിക്കും നിര്‍ണായകമാണ്.