Last Modified വെള്ളി, 14 നവംബര്‍ 2014 (13:26 IST)
സല്‍മാന്‍ ഖാനെ നായകനാക്കി 'കത്തി'യുടെ ഹിന്ദി റീമേക്ക് ചെയ്യാന്‍ സംവിധായകന്‍ എ ആര്‍ മുരുഗദോസ് തീരുമാനിച്ചതായി റിപ്പോര്‍ട്ട്. സല്‍മാനും മുരുഗദോസും കഴിഞ്ഞ ദിവസം നടത്തിയ ചര്‍ച്ചയിലാണത്രേ കാര്യങ്ങള്‍ തീരുമാനമായത്. എന്നാല്‍ ഈ പ്രൊജക്ടിന്‍റെ വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ല.
100 കോടി ക്ലബില്‍ ഇടം പിടിച്ച കത്തി റീമേക്ക് ചെയ്യാന്‍ പല ബോളിവുഡ് താരങ്ങള്‍ക്കും താല്‍പ്പര്യമുണ്ട്. എന്നാല്‍ സല്‍മാന്‍ തന്നെ കത്തിയുടെ റീമേക്കില്‍ അഭിനയിക്കണമെന്നാണത്രേ മുരുഗദോസിന്‍റെ ആഗ്രഹം.
ഇതിനകം രണ്ട് ഹിന്ദി ചിത്രങ്ങളാണ് മുരുഗദോസ് ഒരുക്കിയിട്ടുള്ളത്. ഗജിനിയും ഹോളിഡേയും. രണ്ടും 100 കോടി ക്ലബില്‍ ഇടം പിടിച്ച സിനിമകള്‍. സൊനാക്ഷി സിന്‍ഹയെ നായികയാക്കി അടുത്ത ഹിന്ദി ചിത്രത്തിന്‍റെ ജോലികള്‍ ആരംഭിച്ചുകഴിഞ്ഞു മുരുഗദോസ്.
അതിനിടയിലാണ് കത്തി റീമേക്ക് വാര്‍ത്തകളില്‍ നിറയുന്നത്. കത്തിയില്‍ വിജയ് ഇരട്ട വേഷങ്ങളിലാണ് അഭിനയിച്ചത്. സല്‍മാന്‍ ഖാനെയും ഇരട്ട വേഷങ്ങളില്‍ അവതരിപ്പിച്ച് ഒരു വമ്പന്‍ ഹിറ്റിനാണ് മുരുഗദോസ് ഒരുങ്ങുന്നത്.