Last Modified തിങ്കള്‍, 18 ജൂലൈ 2016 (18:39 IST)
സല്‍മാന്‍ ഖാനും അനുഷ്ക ശര്‍മയും ജോഡിയായ സുല്‍ത്താന്‍ ഇന്ത്യയില്‍ തരംഗം സൃഷ്ടിച്ച് മുന്നേറുകയാണ്. പന്ത്രണ്ടാം ദിനത്തില്‍ ചിത്രത്തിന്‍റെ കളക്ഷന്‍ 263.23 കോടി രൂപയാണ്. ചിത്രത്തിന്‍റെ ബജറ്റ് 90 കോടി രൂപയാണ്. ഇതുവരെ സിനിമ നേടിയ ലാഭം 173.23 കോടി. അപ്പോള്‍ ഇതുവരെ 192.47 % ലാഭമാണ് സുല്‍ത്താന്‍ സ്വന്തമാക്കിയിരിക്കുന്നത്.
ഇത്രയും വലിയ വിജയം സൃഷ്ടിക്കാന്‍ ഇന്ത്യന്‍ സിനിമയില്‍ സല്‍മാന്‍ ഖാനല്ലാതെ ആരുണ്ട്? തുടര്‍ച്ചയായ മെഗാവിജയങ്ങള്‍ സല്‍മാനോളം സൃഷ്ടിച്ചുകൊണ്ടിരിക്കുന്നവര്‍ ആരുണ്ട്? അക്ഷരാര്‍ത്ഥത്തില്‍ ഒരു ഹിറ്റ് ഫാക്ടറിയായി സല്‍മാന്‍ ഖാന്‍ മാറിയിരിക്കുകയാണ്.
എന്നാല്‍ ഈ വിജയങ്ങളെല്ലാം സന്തോഷം നല്‍കുമ്പോള്‍ തന്നെ, ആഘോഷങ്ങളില്‍ നിന്നും ആവേശപ്രകടനങ്ങളില്‍ നിന്നും മാറി നിന്ന് ഈ വിജയങ്ങളെ കാണാനും സല്‍മാന് കഴിയുന്നുണ്ട്.
“ആദ്യദിനങ്ങളിലെ കളക്ഷന്‍ എന്നൊക്കെ പറയുന്നത് വിഡ്ഢിത്തമാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ആദ്യദിന കളക്ഷന്‍ റെക്കോര്‍ഡൊക്കെ ബോധ്യപൂര്‍വം സൃഷ്ടിക്കാന്‍ എളുപ്പമാണ്. ടിക്കറ്റ് നിരക്ക് വര്‍ദ്ധിപ്പിക്കുന്നതിലൂടെ ഇത് സാധ്യമാണ്. എന്നാല്‍, സിനിമയുടെ അന്തിമമായ ഫലം എന്താണ് എന്നതാണ് കാര്യം. എത്രകാലം ഓടി, എത്ര കളക്ഷന്‍ ലഭിച്ചു എന്നതൊക്കെ. ജനങ്ങള്‍ സിനിമ കാണാനാണ്, താരങ്ങളെ കാണാനല്ല തിയേറ്ററുകളില്‍ എത്തേണ്ടത്. തൊണ്ണൂറുകളിലൊക്കെ എന്‍റെ സിനിമകള്‍ കാണാന്‍ ആളുകള്‍ എത്തിയിരുന്നത് എന്നെ കാണാനായിരുന്നില്ല. സിനിമ കാണാന്‍ വേണ്ടി മാത്രമായിരുന്നു. ഇന്ന് എന്നെ കാണാനും ജനങ്ങള്‍ തിയേറ്ററുകളിലെത്തുന്നു” - സല്‍മാന്‍ ഖാന്‍ വ്യക്തമാക്കുന്നു.
“ഇക്കാലത്ത് ടിക്കറ്റ് നിരക്ക് വലിയ തോതില്‍ വര്‍ദ്ധിച്ചിട്ടുണ്ട്. ഇന്ത്യന്‍ സിനിമാ വ്യവസായത്തെ തകര്‍ക്കും. പ്രാദേശിക ഭാഷാ സിനിമാ വ്യവസായം നല്ല രീതിയില്‍ പോകുന്നത് ശ്രദ്ധിച്ചാല്‍ മനസിലാകും. ടിക്കറ്റ് നിരക്ക് അവിടെ 60 മുതല്‍ 70 വരെയാണ്. നമ്മള്‍ നാനൂറും അഞ്ഞൂറും തൊള്ളായിരവുമൊക്കെ ഒരു ടിക്കറ്റിന് ഈടാക്കുന്നു” - സല്‍മാന്‍ പറയുന്നു.
“സുല്‍ത്താന്‍ എന്ന സിനിമ എല്ലാം നഷ്ടമായ ഒരു മനുഷ്യനെക്കുറിച്ചുള്ള ചിത്രമാണ്. ഒരാളുടെയും സ്വന്തം കുടുംബത്തിന്‍റെ പോലും പിന്തുണയില്ലാത്ത ഒരു മനുഷ്യനെക്കുറിച്ചുള്ള സിനിമ. അയാള്‍ അയാളുടേതായ ഒരു യുദ്ധം നയിക്കുകയും ഒടുവില്‍ അതില്‍ ജയിക്കുകയും ചെയ്യുന്നു. ഗുസ്തിയെക്കുറിച്ചല്ല, ഗുസ്തി മത്സരത്തിനും റിംഗിനും പുറത്തുള്ള കാര്യങ്ങളേക്കുറിച്ചാണ് ആ സിനിമ സംസാരിച്ചത്” - സല്‍മാന്‍ ഖാന്‍ വെളിപ്പെടുത്തുന്നു.
“നമ്മുടെ സിനിമകള്‍ നന്നായി സ്വീകരിക്കപ്പെടുമ്പോള്‍, പ്രതീക്ഷകള്‍ നിലനിര്‍ത്താനായി നമ്മള്‍ കൂടുതല്‍ അധ്വാനിക്കേണ്ടിവരും. സിനിമകള്‍ നന്നായി സ്വീകരിക്കപ്പെടുന്നില്ലെങ്കിലും അവ കൂടുതല്‍ നന്നാവാന്‍ വേണ്ടി കഠിനാധ്വാനം ചെയ്യണം. അപ്പോള്‍, രണ്ട് രീതിയിലായാലും എന്നെ സംബന്ധിച്ചിടത്തോളം കഠിനാധ്വാനം എന്നത് അത്യാവശ്യം തന്നെയാണ്. എന്നെ എക്സൈറ്റ് ചെയ്യിക്കുന്ന സിനിമകള്‍ക്കാണ് ഞാന്‍ പ്രാധാന്യം കൊടുക്കുന്നത്. തിരക്കഥകളെ അമിതമായി ഇഴപിരിച്ച് പരിശോധിക്കുന്ന രീതി എനിക്കില്ല. ആശയം ആകര്‍ഷകമാണെങ്കില്‍ ഞാന്‍ ആ സിനിമ ചെയ്യും. എന്‍റെ സിനിമകളില്‍ സല്‍മാന്‍ ഖാന്‍ കടന്നുവരാതിരിക്കാന്‍ ഞാന്‍ ശ്രദ്ധിക്കാറുണ്ട്. എന്നാല്‍ എന്‍റെ ആരാധകര്‍ക്ക് ഞാന്‍ അമാനുഷ കഥാപാത്രങ്ങള്‍ ചെയ്യുന്നതിനോടാണ് പ്രിയം കൂടുതല്‍. ഞാന്‍ തിരക്കഥകള്‍ ആവശ്യപ്പെടുന്ന കഥാപാത്രമാകാനാണ് ശ്രമിക്കാറുള്ളത്” - സല്‍മാന്‍ ഖാന്‍ പറയുന്നു.