അസുരവിത്തിനെ കുറ്റം പറയരുത്: ആസിഫ് അലി

WEBDUNIA|
PRO
അടുത്തകാലത്ത് ഏറെ വിമര്‍ശനങ്ങള്‍ക്ക് വിധേയനായ നടനാണ് ആസിഫ് അലി. ‘അസുരവിത്ത്’ എന്ന സിനിമയുടെ പശ്ചാത്തലത്തിലായിരുന്നു ആസിഫിനെതിരെ പ്രധാനമായും വിമര്‍ശനങ്ങള്‍ വന്നത്. പിന്നീട് സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ നിന്ന് വിട്ടുനിന്നതും ആസിഫിനെ വിവാദപുരുഷനാക്കി.

തനിക്ക് ഒട്ടും യോജിക്കാത്ത ഒരു ‘ഡോണ്‍’ കഥാപാത്രത്തെയാണ് ആസിഫ് തെരഞ്ഞെടുത്തതെന്ന് അസുരവിത്തിനെക്കുറിച്ച് നിരൂപകര്‍ ചൂണ്ടിക്കാട്ടിയിരുന്നു. സിനിമകള്‍ തെരഞ്ഞെടുക്കുന്നതില്‍ ആസിഫ് പക്വത കാണിക്കുന്നില്ലെന്നായിരുന്നു വിമര്‍ശനം. എന്നാല്‍ അസുരവിത്തിനെ അധികം കുറ്റം പറയേണ്ടതില്ലെന്നാണ് ആസിഫിന്‍റെ പ്രതികരണം.

“അസുരവിത്ത് എന്ന സിനിമയുടെ കാര്യത്തില്‍ ഞാന്‍ സംതൃപ്തനാണ്. ഒരു മസാല ചിത്രം എന്ന നിലയില്‍ പ്രേക്ഷകര്‍ക്ക് അത് ഇഷ്ടമായിട്ടുണ്ട്. കൂടുതല്‍ ലോജിക്കൊന്നും അതില്‍ നോക്കാതിരിക്കുന്നതാണ് നല്ലത്” - ആസിഫ് അലി വ്യക്തമാക്കുന്നു.

ഒരു സെമിനാരി വിദ്യാര്‍ത്ഥി അധോലോക നായകനാകുന്ന കഥയാണ് എ കെ സാജന്‍ സംവിധാനം ചെയ്ത ‘അസുരവിത്ത്’ പറഞ്ഞത്. സാങ്കേതികമായി മികച്ചുനിന്ന സിനിമ പക്ഷേ മികച്ച തിരക്കഥയുടെ അഭാവം മൂലം ബോക്സോഫീസില്‍ ദയനീയ പരാജയമായി. എന്തുകൊണ്ടാണ് അസുരവിത്തില്‍ അഭിനയിക്കാന്‍ തീരുമാനിച്ചതെന്ന് ചോദിച്ചാല്‍ കൃത്യമായ മറുപടിയുണ്ട് ആസിഫിന് - “ഞാന്‍ സ്റ്റണ്ട് സിനിമകളുടെ ആരാധകനാണ്. തെലുങ്കിലെ പക്കാ സ്റ്റണ്ട് സിനിമകള്‍ കാണുന്നത് എന്‍റെ ശീലമാണ്”.

അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ബാച്ച്ലര്‍ പാര്‍ട്ടി എന്ന ഫണ്‍ സിനിമയിലാണ് ആസിഫ് അലി ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :