താരസംഘടനയായ ‘അമ്മ’യുടെ നേതൃത്വത്തില്‍ രൂപീകരിച്ചിട്ടുള്ള സെലിബ്രിറ്റി ക്രിക്കറ്റ് ടീമായ കേരള സ്ട്രൈക്കേഴ്സുമായി സഹകരിക്കാത്ത സ്റ്റാര്‍ പ്രിന്‍സ് ആസിഫ് അലിയുടെ നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് അമ്മയുടെ ഭാരവാഹിയായ ഇടവേള ബാബു. മുംബൈ ഹീറോസിനെതിരായ മത്സരത്തില്‍ ടീമിലില്ലാത്ത മമ്മൂട്ടി ഉള്‍പ്പടെയുള്ള താരങ്ങള്‍ ഗ്രൌണ്ടിലെത്തി കേരള സ്ട്രൈക്കേഴ്സ് താരങ്ങള്‍ക്ക് പ്രോത്സാഹനം നല്കിയപ്പോള് ടീമിന്റെ ഭാഗമായ ആസിഫ് അലി പൂര്‍ണമായും വിട്ടുനിന്നത് ശരിയായില്ലെന്നും ഇടവേള ബാബു പറയുന്നു.
മുന്‍കൂട്ടി അറിയിക്കാതെ ടീമില്‍ നിന്ന് വിട്ടുനില്‍ക്കുകയും ആരുവിളിച്ചാലും ഫോണ്‍ അറ്റന്‍ഡ് ചെയ്യാതിരിക്കുകയും ചെയ്യുന്ന ആസിഫ് അലിക്കെതിരെ ‘അമ്മ’ നടപടിയെടുക്കുമെന്നാണ് സൂചന. മോഹന്‍ലാലും ലിസിയും പ്രിയദര്‍ശനും മാറിമാറി വിളിച്ചിട്ടും ഫോണെടുക്കാത്ത ആസിഫ് അലിയുടെ പെരുമാറ്റത്തേക്കുറിച്ച് വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
ആസിഫ് അലിയുടെ സമ്മതം വാങ്ങിയിട്ടാണ് ടീമില്‍ ഉള്‍പ്പെടുത്തിയത്. തീം സോംഗ് ഷൂട്ടിലും ലോഞ്ചിംഗ് ഫങ്ഷനിലും ആസിഫ് എത്തി. പോസ്റ്ററുകളിലും ടിക്കറ്റിലുമെല്ലാം ആസിഫിന്റെ ചിത്രം ഉള്‍പ്പെടുത്തുകയും ചെയ്തു. എന്നാല്‍ പിന്നീട് ആസിഫ് അപ്രത്യക്ഷനായി. ഫോണ്‍ വിളിച്ചാല്‍ കിട്ടാതായി. ഒടുവില്‍ ആസിഫ് ബാംഗ്ലൂരില്‍ ഉണ്ടെന്നറിഞ്ഞ് മോഹന്‍ലാല്‍ വിളിച്ചുസംസാരിച്ചു. അടുത്ത ദിവസം പരിശീലനക്യാമ്പില്‍ എത്താമെന്ന് ലാലിനെ ആസിഫ് അറിയിച്ചു. എന്നാല്‍ പിന്നീട് വിവരമൊന്നുമില്ല, ക്യാമ്പില്‍ എത്തിയതുമില്ല. പിന്നീട് ഫോണില്‍ പലരും മാറി മാറി വിളിച്ചിട്ടും ഫോണ്‍ എടുത്തില്ല. തിരക്കുകളും അസൗകര്യങ്ങളുമുണ്ടാവുക സ്വാഭാവികമാണ്. പക്ഷേ, അത് ഉത്തരവാദപ്പെട്ടവരെ ഫോണില്‍ വിളിച്ചറിയിക്കുക എന്നതാണ് മര്യാദ. പൃഥ്വിരാജും പരിശീലന ക്യാമ്പിന് എത്തിയില്ല, പക്ഷേ അദ്ദേഹം അത് നേരത്തേ അറിയിച്ചിരുന്നു. കഴിഞ്ഞ ദിവസം മുംബൈക്കെതിരായ മാച്ചില്‍ ടീമിനെ പ്രോത്സാഹിപ്പിക്കാന്‍ എത്തുകയും ചെയ്തു - ഇടവേള ബാബു അറിയിച്ചു.