അഭിറാം മനോഹർ|
Last Modified വ്യാഴം, 12 ഡിസംബര്‍ 2024 (18:16 IST)
വര്‍ഷം 1995 ജൂലൈ 10 തിങ്കളാഴ്ച തമിഴ് സിനിമ ഒന്നടങ്കം ഞെട്ടിയ ദിവസമായിരുന്നു. ദളപതി,റോജ, അഞ്ജലി, നായകന്‍ തുടങ്ങിയ സിനിമകളിലൂടെ തമിഴ്നാടിന്റെ മാത്രമല്ല ഇന്ത്യയുടെ തന്നെ എണ്ണം പറഞ്ഞ സംവിധായകരില്‍ ഒരാളായ മണിരത്‌നത്തിന്റെ വീടിന് നേരെ ബോംബാക്രമണം നടക്കുന്നു. രാവിലെ പത്രം വായിക്കാനിരിക്കുമ്പോഴായിരുന്നു സംഭവം. സിനിമയില്‍ മാത്രം കണ്ട് പരിചയമുള്ള സംഭവം മണിരത്‌നത്തിന് ഞെട്ടലായിരുന്നു. ഈ സംഭവം പക്ഷേ ചെന്നവസാനിച്ചത് ജയലളിത ഭരണത്തിന്റെ അവസാനത്തിലേക്കായിരുന്നു. അതിന് കാരണക്കാരനായതോ രജനീകാന്തും. ആ കഥ ഇങ്ങനെ.
ആക്രമണത്തില്‍ അത്ര ഗൗരവകരമല്ലാത്ത പരിക്കുകളുമായി മണിരത്‌നം രക്ഷപ്പെട്ടു.
1995 മാര്‍ച്ച് 10ന് പുറത്തിറങ്ങിയ ബോംബെ
എന്ന സിനിമയെ തുടര്‍ന്നായിരുന്നു ഈ ആക്രമണം. ബോംബെ കലാപത്തിന്റെ പശ്ചാത്തലത്തില്‍ ഹിന്ദു മുസ്ലീം പ്രണയകഥയായിരുന്നു മണിരത്‌നം പറഞ്ഞത്. ഈ സിനിമ 2 മതവിഭാഗങ്ങളെയും ചൊടുപ്പിക്കുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് അല്‍ ഉമ എന്ന സംഘടനയായിരുന്നു ഈ ആക്രമണങ്ങളുടെ പിന്നില്‍. ബോംബെ റിലീസിനും മാസങ്ങള്‍ക്ക് മുന്‍പ് റിലീസ് ചെയ്ത രജനീകാന്ത് സിനിമയായ ബാഷ തകര്‍ത്തോടുന്ന സമയത്തായിരുന്നു ഈ ആക്രമണം.
ബാഷയുടെ വിജയാഘോഷ ചടങ്ങിനിടയില്‍ മണിരത്‌നത്തിന് സംഭവിച്ച കാര്യം പറഞ്ഞുകൊണ്ട് രജനീകാന്ത് അന്ന് തമിഴ്നാട് ഭരിച്ചിരുന്ന ജയലളിതയുടെ ഭരണത്തിനെതിരെ കത്തിക്കയറി. തമിഴ്നാട്ടില്‍ ആര്‍ക്കും സമാധാനത്തോടെ ജീവിക്കാനാവുന്നില്ല. മണിരത്‌നത്തിന് എന്താണ് സംഭവിച്ചത്. അദ്ദേഹം കാപ്പികുടിച്ചുകൊണ്ടിരിക്കെയാണ് വീട്ടില്‍ ബോംബ് വീണത്. ഇവിടെ ഒരു സര്‍ക്കാറുണ്ടോ? ഇങ്ങനെ പോയാല്‍ തമിഴ്നാട് ശവപറമ്പായി മാറും. രജനീകാന്ത് ആഞ്ഞടിച്ചു.
ജയലളിതക്കെതിരായ ആക്രമണം രജനീകാന്ത് അവിടെ നിര്‍ത്തിയില്ല. 1996ലെ തമിഴ്നാട് നിയമസഭാ തിരെഞ്ഞെടുപ്പില്‍ രജനീകാന്ത് ജയലളിതയ്‌ക്കെതിരെ തിരിഞ്ഞു. ഡി എം കെയെ തിരെഞ്ഞെടുപ്പില്‍ പരോക്ഷമായി പിന്തുണയ്ക്കുകയും ചെയ്തു. ഒടുവില്‍ തിരെഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ 234 സീറ്റില്‍ 4 സീറ്റ് മാത്രമാണ് ജയലളിതയുടെ എഐഎഡിഎംകെ നേടിയത്. 221 സീറ്റുകള്‍ സ്വന്തമാക്കി അന്ന് കരുണാനിധി അധികാരത്തിലെത്തി എന്നത് ചരിത്രം.