അഭിറാം മനോഹർ|
Last Modified വ്യാഴം, 12 ഡിസംബര്‍ 2024 (15:21 IST)
തമിഴിലെ ഹിറ്റ് സംവിധായകനായ ലോകേഷ് കനകരാജിന്റെ കൈതിയും വിക്രമും പുറത്തിറങ്ങിയതോടെയാണ് തെന്നിന്ത്യന്‍ സിനിമാലോകം എല്‍സിയു എന്ന ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സിനെ ഉറ്റുനോക്കാന്‍ തുടങ്ങിയത്. കൈതിക്കും വിക്രമിനും ശേഷം സംവിധാനം ചെയ്ത വിജയ് സിനിമയായ ലിയോയിലും എല്‍സിയു കണക്ഷന്‍ ലോകേഷ് കൊണ്ടുവന്നിരുന്നു.
നിലവില്‍ കമല്‍ഹാസന്‍, വിജയ്, കാര്‍ത്തി, ഫഹദ് ഫാസില്‍ എന്നിവരെല്ലാം തന്നെ നായകന്മാരായുള്ള എല്‍സിയുവില്‍ വില്ലനായുള്ളത് അര്‍ജുന്‍ ദാസും സൂര്യയും മാത്രമാണ്. ഇപ്പോഴിതാ ഈ യൂണിവേഴ്‌സിലേക്ക് പുതിയ വില്ലന്‍ കൂടി ചേരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ലോകേഷ് കനകരാജ് രചന നിര്‍വഹിച്ച് രാഘവ ലോറന്‍സ് നായകനാകുന്ന എല്‍സിയുവില്‍ വരുന്ന ബെന്‍സ് എന്ന സിനിമയിലാണ് മാധവന്‍ വില്ലന്‍ വേഷത്തിലെത്തുന്നത്.
ലോകേഷ് കനകരാജിന് പകരം ഭാഗ്യരാജ് കണ്ണനാണ് സിനിമയൊരുക്കുന്നതെങ്കിലും വിക്രം, കൈതി, ലിയോ എന്നിവയുള്‍പ്പെടുന്ന യൂണിവേഴ്‌സില്‍ തന്നെയാകും ബെന്‍സിന്റെ കഥയും നടക്കുക. ലോകേഷിന്റെ തന്നെ നിര്‍മാണകമ്പനിയായ ജി സ്‌ക്വാഡുമായി സഹകരിച്ച് പാഷന്‍ സ്റ്റുഡിയോ, ദി റൂട്ട് എന്നിവരും ചേര്‍ന്നാണ് സിനിമ നിര്‍മിക്കുന്നത്.