അഭിറാം മനോഹർ|
Last Modified തിങ്കള്‍, 30 ഡിസംബര്‍ 2019 (18:05 IST)
മാമാങ്കത്തിന്റെ വമ്പൻ വിജയത്തിന് ശേഷം വേണു കുന്നപ്പിള്ളിയുടെ ഹോളിവുഡ് ചിത്രം പ്രദർശനത്തിനൊരുങ്ങുന്നു. മാമാങ്കത്തിന് ശേഷം കാവ്യാ ഫിലിംസിന്റെ ബാനറിൽ പുറത്തിറങ്ങുന്ന ചിത്രം ഫെബ്രുവരി 14നാകും തിയേറ്ററുകളിലെത്തുക. കാവ്യാ ഫിലിംസിന്റെ ബാനറിൽ മാമാങ്കത്തിന് മുൻപ് തന്നെ നിർമിച്ച ചിത്രമാണിത്.
മലയാളത്തിൽ നിന്നും വ്യതസ്തമായി നിർമാതാവിനെ ഒരു തരത്തിലും ബുദ്ധിമുട്ടിക്കുന്ന രീതിയല്ല ഹോളിവുഡിലെന്ന് ചിത്രത്തിന്റെ നിർമാതാവ് വേണു കുന്നപ്പിള്ളി പറഞ്ഞു. ക്രുത്യമായ ആസൂത്രണത്തിൽ പറയുന്ന ദിവസം തന്നെ ചിത്രത്തിന്റെ ജോലികൾ അണിയറപ്രവർത്തകർ തീർക്കുമെന്നും വേണു പറയുന്നു.
നേരത്തെ കാവ്യാ ഫിലിംസിന്റെ ബാനറിൽ വമ്പൻ ബജറ്റിലൊരുങ്ങിയ മാമാങ്കം 100 കോടി ക്ലബ്ബിൽ ഇടം നേടിയിരുന്നു. ആദ്യ ദിനം തന്നെ ലോകമെങ്ങുനിന്നുമായി 23 കോടി രൂപക്ക് മുകളിൽ കളക്ട് ചെയ്ത ചിത്രം നാലാം ദിനത്തിൽ തന്നെ 60 കോടി രൂപ കളക്ട് ചെയ്തിരുന്നു. ലോകമെങ്ങുമുള്ള 45 രാജ്യങ്ങളിലായി 2000ലധികം സ്ക്രീനുകളിലാണ് ചിത്രം പ്രദർശനത്തിനെത്തിയിരുന്നത്.