Urvashi: 'അവന് മീശ വരാന്‍ പിന്നേയും മൂന്നാല് കൊല്ലമെടുത്തു. അപ്പോഴേക്കും ഞാൻ അച്ഛന്റെ പ്രായമുള്ളവരുടെ നായികയായി': ഉർവശി

ചിത്രം വന്‍ വിജയമായതോടെ പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.

നിഹാരിക കെ.എസ്|
ഇന്ത്യന്‍ സിനിമയിലെ പ്രതിഭയാണ് നടി ഉർവശി. ഇന്ത്യൻ സിനിമ കണ്ട മികച്ച നടിമാരിൽ ഒരാൾ. ഏത് കഥാപാത്രവും അതിമനോഹരമായി ഉര്‍വശി അഭിനയിച്ചു ഫലിപ്പിക്കും. വളരെ ചെറുപ്പത്തിൽ തന്നെ സിനിമയിലെത്തിയ ആളാണ് ഉർവശി. പത്താം ക്ലാസില്‍ പഠിക്കുന്നതിനിടെയാണ് ഉര്‍വശി നായികയായി അഭിനയിച്ച മുന്താണി മുടിച്ച് ബോക്‌സ് ഓഫീസിലെത്തുന്നത്. ചിത്രം വന്‍ വിജയമായതോടെ പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.

മാതൃഭൂമി ആഴ്ചപ്പതിപ്പിന് നല്‍കിയ അഭിമുഖത്തില്‍ ആ സമയത്തെ ഓര്‍മകള്‍ ഉര്‍വശി പങ്കുവെക്കുന്നുണ്ട്. ''ആ ലൊക്കേഷനില്‍ ഞാന്‍ ഫ്രോക്കിട്ടു കൊണ്ടാണ് ഷൂട്ടിങിന് പോയത്. തീരെ പക്വതയായിട്ടില്ല. ഷൂട്ടിങ് കഴിഞ്ഞാല്‍ വെള്ള പെറ്റിക്കോട്ട് ഇട്ടുകൊണ്ടാണ് ഹോട്ടലിലൊക്കെ ഓടിക്കളിക്കുന്നത്. അന്നൊന്നും ഒരുപാട് ഡ്രസുകളില്ലല്ലോ'' താരം പറയുന്നു.

മുന്താണി മുടിച്ച് കഴിഞ്ഞ് ഞാന്‍ സ്റ്റാറായിട്ട് കാറിലൊക്കെ പോയത് ഓര്‍മയുണ്ട്. അന്ന് നിര്‍മാതാവ് എനിക്കയച്ചത് ഒരു പ്ലിമത്ത് കാറാണ്. നീണ്ട ഒരു വണ്ടി. അതിനകത്ത് ഞാനും പരിവാരങ്ങളും കയറുമ്പോള്‍ റോഡരികിലൂടെ എന്റെ അനിയന്‍ മൂക്കിളയൊലിപ്പിച്ചു കൊണ്ട് ടയറും ഉരുട്ടിക്കളിച്ചു കൊണ്ട് പോകുന്നത് കാണാം എന്നും ഉര്‍വശി ഓര്‍ക്കുന്നു.

''ഇത് യാരമ്മ എന്ന് കൂടെയുള്ളവര്‍ ചോദിക്കും. എന്‍ തമ്പി എന്നു പറഞ്ഞാല്‍ നിങ്ങള്‍ തമ്മില്‍ എത്ര പ്രായ വ്യത്യാസമുണ്ട് എന്നാകും അടുത്ത ചോദ്യം. എന്നെക്കാള്‍ ഒന്നരവയസിന് ഇളയതാണ് അവന്‍. അവനന്ന് വള്ളി നിക്കറും ഇട്ടോണ്ട് പോകുമ്പോള്‍ ഞാന്‍ ഹാഫ് സാരിയൊക്കെയിട്ട വലിയ പെണ്ണാണ്. അവന് മീശ വരാന്‍ പിന്നേയും മൂന്നാല് കൊല്ലമെടുത്തു. അപ്പോഴേക്കും ഞാനെന്റെ അച്ഛന്റെ പ്രായമുള്ള ആളുകളുടെ നായികയായിക്കഴിഞ്ഞു'' എന്നാണ് ഉര്‍വശി പറയുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :