ആ രംഗം എടുക്കുമ്പോൾ ഞാൻ ഒ കെ അല്ലെയെന്ന് ഓരോ അഞ്ച് മിനിറ്റിലും രൺബീർ ചോദിച്ചിരുന്നു: തൃപ്തി ദിമ്രി

അഭിറാം മനോഹർ| Last Modified വ്യാഴം, 7 ഡിസം‌ബര്‍ 2023 (14:02 IST)
രണ്‍ബീര്‍ കപൂറിനെ നായകനാക്കി സന്ദീപ് റെഡ്ഡി വാങ്ക സംവിധാനം ചെയ്ത അനിമല്‍ ആഗോള ബോക്‌സോഫീസില്‍ കളക്ഷന്‍ റെക്കോര്‍ഡുകള്‍ തകര്‍ത്തുകൊണ്ട് മുന്നേറുകയാണ്. സ്ത്രീവിരുദ്ധമാര്‍ന്ന ഉള്ളടക്കവും വയലന്‍സും കൊണ്ട് വിമര്‍ശനങ്ങള്‍ നേരിടുന്ന സിനിമയിലെ രണ്‍ബീര്‍ കപൂറും തൃപ്തി ദിമ്രിയും തമ്മിലുള്ള ഇന്റിമേറ്റ് രംഗം സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഈ രംഗം എങ്ങനെയാണ് ചിത്രീകരിച്ചതെന്നും രണ്‍ബീര്‍ കപൂര്‍ നല്‍കിയ പിന്തുണയെയും പറ്റി തുറന്ന് സംസാരിച്ചിരിക്കുകയാണ് തൃപ്തി ഇപ്പോള്‍.

തന്റെ പ്രൈവസി പരമാവധി ഉറപ്പുവരുത്തിയാണ് രണ്‍ബീര്‍ കപൂറിനൊപ്പമുള്ള കിടപ്പറ രംഗം ചിത്രീകരിച്ചതെന്ന് ഇന്ത്യ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ തൃപ്തി പറഞ്ഞു. ബ്യൂട്ടി ആന്‍ഡ് ദ ബീസ്റ്റ് എന്ന ഇമേജാണ് കൊണ്ടുവരാന്‍ ശ്രമിക്കുന്നതെന്നും കംഫര്‍ട്ടല്ലെങ്കില്‍ അത് തുറന്ന് പറയണമെന്നും സംവിധായകന്‍ പറഞ്ഞിരുന്നു. ആ രംഗത്തിന് ഒട്ടേറെ റഫറന്‍സുകള്‍ ഉണ്ടായിരുന്നു. സെറ്റില്‍ പൂര്‍ണ്ണമായും സത്യസന്ധത പാലിക്കണം. കഥാപാത്രങ്ങളായി ആയിരിക്കണം പെരുമാറേണ്ടത്.

ചിത്രീകരണ സമയത്ത് ഓരോ അഞ്ച് മിനിറ്റിലും രണ്‍ബീറെത്തി ഞാന്‍ ഓകെയാണോ എന്ന് ഉറപ്പാക്കിയിരുന്നു. ബുള്‍ബുളിലായാലും അനിമലില്‍ ആയാലും റേപ്പ് സീനാണ് ചിത്രീകരിക്കുന്നതെങ്കില്‍ എന്റെ കംഫര്‍ട്ട് നോക്കാന്‍ സംവിധായകരും ഛായാഗ്രാഹകരും കൂടെ അഭിനയിക്കുന്നവരും ശ്രദ്ധിച്ചിരുന്നു. അനിമലിലെ തൃപ്തിയുടെ പ്രകടനം ശ്രദ്ധേയമായതോടെ വലിയ നിരൂപക പ്രശംസയാണ് തൃപ്തിക്ക് ലഭിക്കുന്നത്. സോയ അഭിനയജീവിതത്തിലെ വെല്ലുവിളിയുള്ള കഥാപാത്രമായിരുന്നുവെന്നും പ്രേക്ഷകര്‍ സ്വീകരിച്ചതില്‍ സന്തോഷമുണ്ടെന്നും തൃപ്തി ദിമ്രി പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :