കെ ആര്‍ അനൂപ്|
Last Modified ചൊവ്വ, 25 ജൂണ്‍ 2024 (11:59 IST)
സോഷ്യല്‍ മീഡിയയുടെ കാലത്ത് ഉദ്ഘാടനങ്ങള്‍ക്ക് കൂടുതലും സിനിമ നടിമാരെയാണ് കാണാറുള്ളത്. വന്‍ പ്രതിഫലം വാങ്ങിയാണ് താരങ്ങള്‍ ഉദ്ഘാടന ചടങ്ങിലേക്ക് എത്തുന്നത്. എന്നാല്‍ 27 വര്‍ഷങ്ങള്‍ക്കു മുമ്പ് കുഞ്ചാക്കോ ബോബന്‍ ഒരു സ്റ്റുഡിയോ ഉദ്ഘാടനത്തിന് എത്തിയിരുന്നു. ഒരു രൂപ പോലും പ്രതിഫലം വാങ്ങാതെ സന്തോഷത്തോടെ ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചാണ് താരം മടങ്ങിയത്. അതിന് പിന്നിലൊരു കഥയുണ്ട്. ഒരു പരിചയമില്ലാത്ത ഒരാള്‍ക്ക് വേണ്ടിയാണ് ചാക്കോച്ചന്‍ ഇത് ചെയ്തതെന്ന് ഓര്‍ക്കണം.
1997 ആണ് കാലഘട്ടം. വളരെ കഷ്ടപ്പെട്ട് ലോണ്‍ ഒക്കെ സംഘടിപ്പിച്ച്
സ്റ്റുഡിയോ അഞ്ചലില്‍ തുടങ്ങി. സ്റ്റുഡിയോ ഉദ്ഘാടനത്തിന് ആരെ എത്തുമെന്ന ചോദ്യം പലരും ഇദ്ദേഹത്തോട് ചോദിച്ചു. അന്ന് അനിയത്തിപ്രാവ് റിലീസ് ചെയ്ത കുഞ്ചാക്കോ ബോബന്‍ താരമായി മാറിയ സമയം. ചോദിക്കുന്നവരോടൊക്കെ കുഞ്ചാക്കോ ബോബന്‍ ഉദ്ഘാടനത്തിന് എത്തുമെന്ന് കട ഉടമ പറഞ്ഞു. ഇത് ആരും വിശ്വസിച്ചില്ല അദ്ദേഹത്തെ കളിയാക്കാനും തുടങ്ങി. അക്കാലത്ത് മനോരാജന്‍ എന്ന മാസികയില്‍ കുഞ്ചാക്കോ ബോബന്റെ നമ്പര്‍ അടക്കം പ്രിന്റ് ചെയ്ത് വന്നു. ആ നമ്പറില്‍ അയാള്‍ വിളിച്ചുനോക്കി. കുഞ്ചാക്കോ ബോബന്റെ അമ്മയായിരുന്നു ഫോണ്‍ എടുത്തത്. തന്റെ ബുദ്ധിമുട്ടുകളെക്കുറിച്ച് അമ്മയോട് പറഞ്ഞു. കുഞ്ചാക്കോ ബോബനെ കൊണ്ട് ഉദ്ഘാടനം ചെയ്യണമെന്നാണ് ആഗ്രഹം കൂടി പറയാന്‍ അയാള്‍ മറന്നില്ല.
ചാക്കോച്ചിന്റെ അമ്മ ആദ്യം ബുദ്ധിമുട്ടാണെന്ന് പറഞ്ഞെങ്കിലും സ്റ്റുഡിയോക്കാരന്‍ വിട്ടില്ല. ഒടുവില്‍ ചാക്കോച്ചന്‍ ഉള്ള ദിവസം വീട്ടിലേക്ക് വരാന്‍ പറഞ്ഞു. പറഞ്ഞത് അനുസരിച്ച് വീട്ടിലെത്തിയപ്പോള്‍ ചാക്കോച്ചന്‍ ഉണ്ടായിരുന്നില്ല. അമ്മയോട് തന്റെ വിഷമങ്ങളെല്ലാം തുറന്നു പറഞ്ഞു. കുഞ്ചാക്കോ ബോബന്‍ ആ സമയമാകുമ്പോഴേക്കും വീട്ടിലെത്തി.ഒരു സ്റ്റുഡിയോ നിന്നെക്കൊണ്ട് ഉദ്ഘാടനം ചെയ്യിക്കാനാണ് വന്നത്. നീ അത് ചെയ്ത് കൊടുക്കണം എന്ന് ചാക്കോച്ചനോട് അമ്മ പറഞ്ഞു. തിരക്കുകള്‍ കാരണം ശനിയാഴ്ച മാത്രമേ ചാക്കോച്ചന് ഒഴിവ് ഉണ്ടായിരുന്നുള്ളൂ. അമ്മ പറഞ്ഞതോടെ ചാക്കോച്ചന്‍ സമ്മതിച്ചു. ശനിയാഴ്ച ആയതുകൊണ്ട് അമ്മയ്‌ക്കൊരു വിഷമം. പോകുന്ന വഴിക്ക് കുരിശടയില്‍ മെഴുകുതിരി കത്തിച്ചിട്ട് പോകാന്‍ ചാക്കോച്ചനോട് അമ്മ പറഞ്ഞു. അദ്ദേഹം നന്നായി വരട്ടെ എന്ന് ആഗ്രഹമായിരുന്നു ആ അമ്മയ്ക്ക്.ചക്കോച്ചന്‍ അപ്രകാരം ചെയ്യുകയും. ഒരു രൂപ പോലും പ്രതിഫലം വാങ്ങാതെ സ്റ്റുഡിയോ ഉദ്ഘാടനം ചെയ്യുകയും ചെയ്തു.
ഹരി പത്തനാപുരമാണ് കുഞ്ചാക്കോ ബോബന്‍ ഒരു രൂപ പോലും വാങ്ങാതെ ഉദ്ഘാടനം ചെയ്ത കഥ പറഞ്ഞത്.