ഭരത്ചന്ദ്രന്‍മാരില്‍ ഒതുക്കപ്പെട്ടു; സുരേഷ് ഗോപി അഥവാ അണ്ടര്‍റേറ്റഡ് നടന്‍

രേണുക വേണു| Last Modified ശനി, 26 ജൂണ്‍ 2021 (16:43 IST)

മലയാള സിനിമയില്‍ മമ്മൂട്ടിക്കും മോഹന്‍ലാലിനും ശേഷം ഒരു സൂപ്പര്‍സ്റ്റാര്‍ ജനിക്കുന്നത് സുരേഷ് ഗോപിയിലൂടെയാണ്. വില്ലന്‍ വേഷങ്ങളും സഹനടന്‍ വേഷങ്ങളും ചെയ്ത് സിനിമയിലെത്തിയ സുരേഷ് ഗോപിയുടെ വളര്‍ച്ച അതിവേഗത്തിലായിരുന്നു. 1989 ല്‍ ഷാജി കൈലാസ് സംവിധാനം ചെയ്ത 'ദ ന്യൂസ്' എന്ന ചിത്രത്തിലൂടെയാണ് സുരേഷ് ഗോപിക്ക് ആദ്യത്തെ സോളോ ഹിറ്റ് ലഭിക്കുന്നത്. പിന്നീടങ്ങോട്ട് സുരേഷ് ഗോപിയുടെ സ്റ്റാര്‍ഡം ചൂഷണം ചെയ്തുള്ള നിരവധി സിനിമകളില്‍ മലയാളത്തില്‍ പിറവികൊണ്ടു. 1993, 94 കാലഘട്ടം സുരേഷ് ഗോപിയെന്ന താരത്തിന്റെ സുവര്‍ണകാലമായിരുന്നു. ഏകലവ്യന്‍, മാഫിയ, കാശ്മീരം, കമ്മിഷണര്‍ തുടങ്ങി സൂപ്പര്‍ഹിറ്റ് ചിത്രങ്ങളിലൂടെ സുരേഷ് ഗോപി മലയാള സിനിമയിലെ തന്റെ സിംഹാസനം അരക്കിട്ടുറപ്പിച്ചു.

ഇതിനിടയില്‍ മലയാളി വളരെ അപൂര്‍വമായാണ് സുരേഷ് ഗോപിയെന്ന നടന്റെ ഏറ്റവും ഉച്ചസ്ഥായിയിലുള്ള അഭിനയശേഷി ദര്‍ശിച്ചത്. കമ്മിഷണര്‍ തൊട്ട് ഇങ്ങോട്ട് സുരേഷ് ഗോപിയിലെ ഭരത്ചന്ദ്രന്‍മാരെ ആഘോഷിക്കുന്ന തിരക്കിലായിരുന്നു മലയാള സിനിമ. അതുകൊണ്ട് തന്നെ ആ നടന്റെ പല മികച്ച വേഷങ്ങളും വിസ്മരിക്കപ്പെട്ടു. തുടര്‍ച്ചയായി ഒരേ മാനറിസങ്ങളുള്ള കഥാപാത്രങ്ങളില്‍ സുരേഷ് ഗോപി തള്ളയ്ക്കപ്പെട്ടു.

1997 ല്‍ പുറത്തിറങ്ങിയ കളിയാട്ടത്തിലൂടെയാണ് സുരേഷ് ഗോപി ആദ്യമായി മികച്ച നടനുള്ള ദേശീയ അവാര്‍ഡ് കരസ്ഥമാക്കുന്നത്. സമാന്തരങ്ങളിലെ അഭിനയത്തിനു ബാലചന്ദ്രമേനോനും അന്ന് ദേശീയ അവാര്‍ഡ് നേടി. ഭൂതക്കണ്ണാടിയിലെ മമ്മൂട്ടിയെയും ഇരുവറിലെ മോഹന്‍ലാലിനെയും മറികടക്കുന്ന പ്രകടനമാണ് കളിയാട്ടത്തിലെ സുരേഷ് ഗോപിയുടേതെന്ന് ജൂറി വിധിയെഴുതി. അങ്ങനെ മോഹന്‍ലാലിനെയും മമ്മൂട്ടിയെയും പിന്തള്ളി ദേശീയ അവാര്‍ഡ് നേടിയ സുരേഷ് ഗോപി പിന്നീടൊരിക്കലും കളിയാട്ടത്തിനു മുകളില്‍ നില്‍ക്കുന്ന ഒരു കഥാപാത്രം ചെയ്തിട്ടില്ല, അല്ലെങ്കില്‍ ആ നടന്റെ അഭിനയശേഷി പൂര്‍ണമായി ചൂഷണം ചെയ്യുന്ന കഥാപാത്രവുമായി മറ്റൊരു സംവിധായകനും അദ്ദേഹത്തെ സമീപിച്ചിട്ടില്ല. എങ്കിലും കളിയാട്ടത്തിനു മുന്‍പും ശേഷവും സുരേഷ് ഗോപി നിറഞ്ഞാടിയ ചില കഥാപാത്രങ്ങളുണ്ട്. മലയാള സിനിമ സുരേഷ് ഗോപിക്കൊപ്പം ചേര്‍ത്തുവച്ച് ആഘോഷിക്കാന്‍ മടിക്കുന്ന വളരെ അപൂര്‍വതയുള്ള ചില കഥാപാത്രങ്ങള്‍.

ഈ തണുത്ത വെളുപ്പാന്‍ കാലത്ത്, മനു അങ്കിള്‍, ഇന്നലെ, ഒരു വടക്കന്‍ വീരഗാഥ, എന്റെ സൂര്യപുത്രിക്ക്, പപ്പയുടെ സ്വന്തം അപ്പൂസ്, മണിച്ചിത്രത്താഴ്, അനുഭൂതി, സമ്മര്‍ ഇന്‍ ബത്‌ലഹേം, പ്രണയവര്‍ണങ്ങള്‍, കല്ലുകൊണ്ടൊരു പെണ്ണ്, മില്ലേനിയം സ്റ്റാര്‍സ്, രണ്ടാം ഭാവം, മകള്‍ക്ക്, പകല്‍ നക്ഷത്രങ്ങള്‍, ജനകന്‍, മേല്‍വിലാസം തുടങ്ങിയ സിനിമകളെല്ലാം സുരേഷ് ഗോപിയുടെ വളരെ വ്യത്യസ്തമായ അഭിനയ മാനറിസങ്ങള്‍ എടുത്തുകാണിക്കുന്നവയാണ്. എന്നാല്‍, ആക്ഷന്‍ സിനിമകളില്‍ മാത്രം ഒതുങ്ങി പോയതായിരുന്നു മലയാള സിനിമാ ആരാധകര്‍ ആഘോഷിക്കുന്ന സുരേഷ് ഗോപിയുടെ കരിയര്‍.

കഥാപാത്രം ആവശ്യപ്പെടുന്നതിനനുസരിച്ച് കോമഡി കൈകാര്യം ചെയ്യാനുള്ള കഴിവ് സുരേഷ് ഗോപിക്ക് ഉണ്ടായിരുന്നു. മനുഅങ്കിള്‍ എന്ന ചിത്രത്തിലെ മിന്നല്‍ പ്രതാപന്‍ എന്ന കഥാപാത്രം ഇന്നു ചിരിയുണര്‍ത്തുന്നത് അതിന്റെ നേര്‍സാക്ഷ്യമാണ്. സമ്മര്‍ ഇന്‍ ബത്‌ലഹേമിലും തെങ്കാശിപ്പട്ടണത്തിലും സുന്ദരപുരുഷനിലും കണ്ട സുരേഷ് ഗോപി ഒരേസമയം പത്ത് വില്ലന്‍മാരെ അടിച്ചുപറത്തുന്ന 'ഇടിയന്‍' മാത്രമല്ല.

ഷേക്‌സ്പിയറിന്റെ ഒഥല്ലോ മലയാള സിനിമയിലേക്ക് പറിച്ചുനടുകയായിരുന്നു ജയരാജ് കളിയാട്ടത്തിലൂടെ ചെയ്തത്. ഒഥല്ലോയിലെ പശ്ചാത്തലത്തെ തെയ്യമെന്ന കലാരൂപത്തിലേക്ക് മാറ്റിയാണ് ജയരാജ് കളിയാട്ടം സിനിമയാക്കിയത്. കണ്ണന്‍ പെരുമലയന്‍ എന്ന തെയ്യം കെട്ടലുകാരനെ അവതരിപ്പിക്കാന്‍ നിയോഗിക്കപ്പെട്ടത് സുരേഷ് ഗോപിയും. എല്ലാവരേയും അത്ഭുതപ്പെടുത്തുന്ന അഭിനയമായിരുന്നു സുരേഷ് ഗോപിയുടേത്.

ഗംഗയോടുള്ള ഇഷ്ടത്തിന്റെ പേരില്‍ സ്വയം മരിക്കാന്‍ പോലും തയ്യാറായി നില്‍ക്കുന്ന, ഗംഗയുടെ മാനസില വിഭ്രാന്തിയെ കുറിച്ച് ആലോചിച്ച് പൊട്ടിക്കരയുന്ന നകുലന്‍ ഭരത്ചന്ദ്രന്‍മാരില്‍ നിന്ന് എത്രയോ ദൂരെയാണ് നില്‍ക്കുന്നത്? ജീവനോളം സ്‌നേഹിച്ച ഗൗരി 'മായ'യായത് നിസഹായതയോടെ നോക്കി നില്‍ക്കുന്ന ഇന്നലെയിലെ ഡോ.നരേന്ദ്രനില്‍ സുരേഷ് ഗോപിയെ കണ്ടിട്ടില്ല ! ബെത്‌ലഹേമിലെ ഡെന്നീസ് താനൊരു ഊരുതെണ്ടിയാണെന്നും ജന്മം നല്‍കിയവരെ പോലും അറിയില്ലെന്നും ഇടറിയ സ്വരത്തില്‍ പറയുമ്പോള്‍ ഡെന്നീസിന്റെ അതേ അനാഥത്വം പ്രേക്ഷകരും അനുഭവിച്ചു. രണ്ട് വ്യത്യസ്ത ധ്രുവങ്ങളിലുള്ള രണ്ടാം ഭാവത്തിലെ കിച്ചുവും അനന്ദുവും സുരേഷ് ഗോപിയുടെ കൈകളില്‍ എത്രത്തോളം ഭദ്രമായിരുന്നു എന്ന് നാം കണ്ടു. സുരേഷ് ഗോപിയുടെ പൊലീസ് വേഷങ്ങള്‍ മാത്രം ആഘോഷിക്കപ്പെട്ടപ്പോള്‍ മലയാളി ചര്‍ച്ച ചെയ്യാതെ പോയ എത്രയെത്ര കഥാപാത്രങ്ങളാണുള്ളത്?
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :