കെ ആര്‍ അനൂപ്|
Last Modified വ്യാഴം, 1 ഡിസംബര്‍ 2022 (08:59 IST)
രഞ്ജിത് ശങ്കര്‍ സംവിധാനം ചെയ്ത 'ഫോര്‍ ഇയേഴ്‌സ്' എന്ന സിനിമയ്ക്ക് കൈയ്യടിച്ച് നടന്‍ ശ്രീകാന്ത് മുരളി. ഏറെ നാളുകളായി താന്‍ അടുത്തറിയുന്ന ആക്ഷന്‍ ഹീറോ ബിജുവിലെ സ്റ്റേഷനില്‍ നിന്ന് കരയുന്ന ചെക്കനില്‍നിന്നുള്ള എല്‍ദോയുടെ മനോഹരമായ ട്രാന്‍സ്‌ഫോര്‍മേഷന്‍ കണ്ടപ്പോഴാണ് ഏറെ സന്തോഷം തോന്നിയതെന്ന് അദ്ദേഹം കുറിക്കുന്നു.
ശ്രീകാന്ത് മുരളിയുടെ വാക്കുകളിലേക്ക്
എനിയ്ക്കീ പ്രണയമറിയില്ലാ...അല്ലെങ്കില്‍ എന്റെ സ്‌കൂള്‍ / കോളേജ് പ്രണയങ്ങള്‍ ഇങ്ങനെയായിരുന്നില്ല....- ന്നാലും എവിടൊക്കെയോ' കൊണ്ടു...'
ഫോര്‍ ഇയേഴ്‌സ് കണ്ടു.പ്രിയ വാര്യരുടെ 'ഗായത്രി' വളരെ നന്നായി.....സര്‍ജാനോ ഖാലിദ്,വളരെ അനായാസമായ പ്രകടനം.....സിനിമയുടെ വലിയ സാദ്ധ്യതകള്‍ അയാളെ കാത്തിരിയ്ക്കുന്നുണ്ടെന്നുറപ്പിയ്ക്കാം.ഏറ്റവും സന്തോഷം തോന്നിയത് ഏറെ നാളുകളായി ഞാന്‍ അടുത്തറിയുന്ന 'ആക്ഷന്‍ ഹീറോ ബിജു'വിലെ സ്റ്റേഷനില്‍ നിന്ന് കരയുന്ന ചെക്കനില്‍നിന്നുള്ള എല്‍ദോയുടെ മനോഹരമായ ട്രാന്‍സ്‌ഫോര്‍മേഷന്‍ കണ്ടപ്പോഴാണ്.
രഞ്ജിത്ത് ശങ്കര്‍ നോട് നന്ദിയുണ്ട്. ഇത് ഗതകാലപ്രണയമോ, വിരഹമോ, നൊസ്റ്റുവോ പറയുന്ന സിനിമയല്ല.ഇക്കാലത്തെയും / ഇനി എക്കാലത്തെയും കഥയാണ്. സ്വാഭാവികമായി കടന്നുപോയ സമയവും, സന്ദര്‍ഭങ്ങളും, അതിന്നിടയിലെ നിശബ്ദതയുമൊക്കെ നിശ്വാസങ്ങള്‍ക്കും, ഇടറലുകള്‍ക്കുമിടയില്‍ ഘനീഭവിച്ചുനില്‍ക്കുമ്പോള്‍... എവിടൊക്കെയോ തൊട്ടു, നൊന്തു,ഈ പ്രണയം എനിയ്ക്കത്ര പരിചിതമല്ലെങ്കിലും....
ഒരുമിച്ചുപോവണം, ചിലതൊക്കെ തിരിച്ചറിയും, തിരുത്തപ്പെടും
ഒരു സിനിമയ്ക്ക് ഇതിലപ്പുറം എന്തു ചെയ്യാന്‍ കഴിയും ??