അഭിറാം മനോഹർ|
Last Modified വ്യാഴം, 6 ഒക്‌ടോബര്‍ 2022 (21:57 IST)
മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ക്ലാസിക്കുകളിൽ ഒന്നാണ് തനിയാവർത്തനം. മമ്മൂട്ടിയുടെ കരിയറിൽ വളരെ പ്രയാസപ്പെട്ട സമയത്തായിരുന്നു തനിയാവർത്തനം ചെയ്യുന്നത്. ചിത്രത്തിലെ പ്രകടനത്തിന് സംസ്ഥാന പുരസ്കാരമുൾപ്പടെ അംഗീകാരങ്ങൾ പിന്നീട് തേടിയെത്തുകയുണ്ടായി. മലയാളത്തിന് ലോഹിതദാസ് എന്നൊരു തിരക്കഥാകൃത്തിനെയും ചിത്രം സമ്മാനിച്ചിരുന്നു.
അതുവരെ ചെയ്ത ചിത്രങ്ങളിൽ നിന്നും വളരെ വ്യത്യസ്തമായ സിനിമയായിരുന്നു തനിയാവർത്തനമെന്ന് ചിത്രത്തിൻ്റെ സംവിധായകൻ സിബി മലയിൽ പറയുന്നു. 12 ദിവസമാണ് മമ്മൂട്ടി സിനിമയിൽ അഭിനയിച്ചത്. ആ സമയത്ത് അദ്ദേഹത്തിന് ആ സിനിമയിൽ വലിയ പ്രതീക്ഷയുണ്ടായിരുന്നില്ല. കരിയറിൽ തുടർച്ചയായി പരാജയമേറ്റുവാങ്ങി നിൽക്കുന്ന സമയത്താണ് തനിയാവർത്തനം സംഭവിക്കുന്നത്.
ഫാസിലിൻ്റെ വരാനിരിക്കുന്ന മണിവത്തൂരിലെ ആയിരം ശിവരാത്രികളിലായിരുന്നു മമ്മൂട്ടിയുടെ പ്രതീക്ഷ. ആ സമയത്ത് ന്യൂഡൽഹി പോലൊരു പ്രൊജക്ട് സംഭവിക്കുന്നുണ്ടെങ്കിലും ഫാസിലിൻ്റെ പ്രൊജക്ടിലാകും ഒരു ബ്രേക്ക് ത്രൂ സംഭവിക്കുക എന്നാണ് മമ്മൂട്ടി കരുതിയിരുന്നത്. 20 ദിവസമായിരുന്നു മമ്മൂട്ടി സിനിമയ്ക്ക് ഡേറ്റ് തന്നത്. അതിൽ നാല് ദിവസം വൈകിയാണ് മമ്മൂട്ടി വന്നത്. പറഞ്ഞതിലും നാല് ദിവസം മുൻപ് മമ്മൂട്ടി പോകുകയും ചെയ്തു. അങ്ങനെ 12 ദിവസമാണ് മമ്മൂട്ടിയെ എനിക്ക് കിട്ടിയത്. സിബി മലയിൽ പറയുന്നു.