ചിപ്പി പീലിപ്പോസ്|
Last Modified തിങ്കള്‍, 20 ജനുവരി 2020 (10:45 IST)
സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന ‘വൺ’ റിലീസിനു തയ്യാറെടുക്കുകയാണ്. മമ്മൂട്ടി കേരള മുഖ്യമന്ത്രിയായി വേഷമിടുന്ന ചിത്രമാണ് വണ്‍. ബോബി-സഞ്ജയ് കൂട്ടുകെട്ടാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്.
മമ്മുക്കയ്ക്കു വേണ്ടി തിരക്കഥയെഴുതുന്നത് തങ്ങളുടെ കരിയറിലെ നാഴികക്കല്ലാണെന്നാണ് സഞ്ജയ് പറയുന്നത്. സംഭാഷണത്തിനു വലിയ പ്രാധാന്യമുള്ള സിനിമയാണ് വൺ. മമ്മൂക്കയുടെ മലയാളം ഉച്ചാരണം ഒന്നാന്തരമാണ്. ‘വരികള്‍ക്കിടയിലെ വായന’ അദ്ദേഹത്തിന്റെ ഡയലോഗ് പ്രസന്റേഷനിലുണ്ട്. പുതുതലമുറ കണ്ടു പഠിക്കേണ്ടതാണിതെന്നും വനിതയുമായുള്ള അഭിമുഖത്തില്‍ സഞ്ജയ് പറഞ്ഞു.
കടയ്‌ക്കല്‍ ചന്ദ്രന്‍റെ രാഷ്ട്രീയ ജീവിതത്തിനൊപ്പം കുടുംബജീവിതവും ചിത്രത്തില്‍ വിഷയമാകുന്നുണ്ട്. ഏറെ ആത്മസംഘര്‍ഷത്തിലൂടെ കടന്നുപോകുന്ന മുഖ്യമന്ത്രി കടയ്‌ക്കല്‍ ചന്ദ്രന്‍ മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നായിരിക്കും എന്നതില്‍ സംശയമില്ല. കിടിലൻ ഡയലോഗുകളാണ് മമ്മൂട്ടിക്ക് ഈ ചിത്രത്തിലുള്ളത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
ജോജു ജോര്‍ജ്ജ്, മുരളി ഗോപി, ഗായത്രി അരുണ്‍, ബാലചന്ദ്രമേനോന്‍, സുരേഷ് കൃഷ്ണ, സലിം കുമാര്‍, അലന്‍സിയര്‍, മാമുക്കോയ, സുദേവ് നായര്‍ തുടങ്ങിയവരും ഈ സിനിമയില്‍ പ്രധാന വേഷങ്ങളിലെത്തുന്നു.