അഭിറാം മനോഹർ|
Last Modified തിങ്കള്‍, 31 ജൂലൈ 2023 (18:43 IST)
ലോകമെങ്ങും ടെക്‌നോളജി വിപ്ലവത്തിലൂടെ കടന്നുപോവുകയാണ്. നിര്‍മ്മിത ബുദ്ധി കൊണ്ട് നിര്‍മിക്കുന്ന വീഡിയോകളും ഡീപ് ഫേയ്ക്ക് സാങ്കേതികവിദ്യയ്ക്കും വലിയ പ്രചാരമാണ് ഇന്നുള്ളത്. സിനിമാ മേഖലയിലും
എ ഐ കടന്നുവരുമ്പോള്‍ വലിയ സാധ്യതകളാണ് സംവിധായകര്‍ക്ക് മുന്നില്‍ തെളിയുന്നത്. ഇപ്പോഴിതാ ചിത്രീകരണം പുരോഗമിക്കുന്ന വെപ്പണ്‍ എന്ന തമിഴ് സിനിമയില്‍ എ ഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് ഒരു രംഗം ചിത്രീകരിക്കുന്നുവെന്ന റിപ്പോര്‍ട്ടാണ് വരുന്നത്.
സത്യരാജിനെ നായകനാക്കി ഗുഹന്‍ സെന്നിയപ്പന്‍ സംവിധാനം ചെയ്യുന്ന വെപ്പണ്‍ എന്ന ആക്ഷന്‍ ചിത്രത്തിലാണ് എ ഐയുടെ സേവനം ഉപയോഗപ്പെടുത്തുന്നത്. ചിത്രത്തില്‍ സത്യരാജിന്റെ ചെറുപ്പകാലം കാണിക്കുന്ന രംഗങ്ങളിലാണ് എ ഐ സാങ്കേതികവിദ്യ ഉപയോഗിക്കുന്നത്. മിഷന്‍ ഇംപോസിബിള്‍: ഡെഡ് റെക്കണിങ് പാര്‍ട്ട് വണ്ണില്‍ ഇത്തരത്തില്‍ എ ഐ ദൃശ്യങ്ങള്‍ ഉണ്ടായിരുന്നുവെന്നും എന്നാല്‍ ഈ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തുന്ന ആദ്യ ഇന്ത്യന്‍ സിനിമയാകും വെപ്പണെന്നും സംവിധായകന്‍ അവകാശപ്പെട്ടു. നേരത്തെ ഇന്ത്യന്‍ 2 എന്ന ശങ്കര്‍ ചിത്രത്തില്‍ കമലഹാസന്‍ അവതരിപ്പിക്കുന്ന സേനാപതി എന്ന കഥാപാത്രത്തിന്റെ ചെറുപ്പകാലം ഡീ ഏയ്ജിങ്ങ് സങ്കേതികവിദ്യ ഉപയോഗിച്ചാണ് ചിത്രീകരിക്കുന്നതെന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.