നിഹാരിക കെ.എസ്|
Last Modified ബുധന്‍, 27 ഓഗസ്റ്റ് 2025 (08:33 IST)
വർഷങ്ങൾക്ക് ശേഷം മോഹൻലാൽ-സത്യൻ അന്തിക്കാട് കൂട്ടുകെട്ട് വീണ്ടുമൊന്നിക്കുന്ന സിനിമയാണ് ഹൃദയപൂർവ്വം. അഖിൽ സത്യന്റെ കഥയ്ക്ക് സോനു ടി.പിയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. മാളവിക മോഹനൻ ആണ് ചിത്രത്തിൽ മോഹൻലാലിന്റെ നായികയായെത്തുന്നത്. സംഗീത പ്രതാപും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അതിഥി വേഷങ്ങളിൽ ബേസിൽ ജോസഫ്, മീര ജാസ്മിൻ എന്നിവരും ചിത്രത്തിൽ എത്തുന്നുണ്ട്.
'ഹൃദയപൂർവ്വ'ത്തിന് വേണ്ടി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് മലയാള സിനിമാപ്രേമികൾ. പത്ത് വർഷങ്ങൾക്ക് ശേഷമാണ് ഇരുവരും ഒരുമിച്ച് ഒരു സിനിമ ചെയ്യുന്നത്. സിനിമയിലെ മറ്റൊരു പ്രധാന ഘടകമെന്ന് പറയുന്നത് മോഹൻലാൽ- സംഗീത് പ്രതാപ് കോംബോ ആയിരിക്കുമെന്ന് സംവിധായകൻ തന്നെ പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ മോഹൻലാലിനെ കുറിച്ച് സംഗീത് പ്രതാപ് പറഞ്ഞ വാക്കുകളാണ് ചർച്ചയാവുന്നത്. വിഷമിക്കാൻ പോലും ഇഷ്ടമല്ലാത്ത ആളാണ് മോഹൻലാൽ എന്ന വേണമെങ്കിൽ പറയാം എന്നാണ് സംഗീത് പറയുന്നത്.
'ലാലേട്ടൻ വളരെ ശാന്തനായ ഒരാളാണ്. പ്രശ്‌നങ്ങളിലൊന്നും ഇടപെടാതെ, ആത്മീയമായൊരു വശമുള്ള ആളാണ്. വിഷമിക്കാൻ പോലും ഇഷ്ടമില്ലാത്തയാൾ എന്ന് വേണമെങ്കിൽ പറയും. ദേഷ്യപ്പെടാനുമില്ല. എനിക്കിപ്പോഴും ഓർമയുണ്ട്. ഷാജി എൻ കരുണിന്റെ മരണം. അദ്ദേഹത്തിന് സീരീയസ് ആണെന്ന് അറിഞ്ഞ ശേഷം ഞങ്ങളുടെ അടുത്ത് വന്ന് ഇരുന്നു, ജീവിതത്തിൽ മോഹൻലാൽ എന്ന് പറയുന്ന വ്യക്തി വേദനിക്കുന്നത് ഞാൻ കണ്ടു. വയ്യ എന്ന് സത്യൻ സാറിനോട് പറയുന്നുണ്ടായിരുന്നു
നമ്മൾ അദ്ദേഹത്തെ തന്നെ നോക്കിയിരിക്കുന്നതിനാൽ അദ്ദേഹത്തിന്റെ മൂഡ് മാറുന്നതൊക്കെ മനസിലാക്കാൻ പറ്റും, അടുത്ത ഷോട്ട് എടുക്കാനായി പെട്ടെന്നാണ് ലാലേട്ടൻ സ്വിച്ച് ചെയ്തു വന്നത്. ഞാൻ ഒരു തമാശ പറഞ്ഞു നിൽക്കുകയായിരുന്നു, രണ്ട് സെക്കന്റ് കഴിഞ്ഞ് ലാലേട്ടൻ മൂഡ് മാറി വന്നു, എന്താ മോനെ നേരത്തെ പറഞ്ഞതെന്ന് ചോദിച്ചു! അതാണ് അദ്ദേഹത്തിന്റെ തയ്യാറെടുപ്പ്. ആ നിമിഷത്തിൽ ജീവിക്കുക എന്നതിനാണ് അദ്ദേഹം ശ്രമിക്കുന്നത്. അത് എനിക്ക് ഭയങ്കര ലേണിങ് ആയിരുന്നു', സംഗീത് പ്രതാപ് പറയുന്നു.