നിഹാരിക കെ.എസ്|
Last Modified ശനി, 23 ഓഗസ്റ്റ് 2025 (17:00 IST)
ഓണത്തിന് ഇത്തവണ കല്യാണി പ്രിയദർശന്റേതായി രണ്ട് സിനിമകളാണ് റിലീസ് ആകാനുള്ളത്. ഫഹദ് ഫാസിൽ-അൽത്താഫ് സലീം ടീമിന്റെ ഓടും കുതിര ചാടും കുതിര, നസ്ലെൻ നായകനാകുന്ന സൂപ്പർ ഹീറോ ചത്രം ലോക: ചാപ്റ്റർ 1 ചന്ദ്ര എന്നിവയാണത്. ലോകയിൽ ടൈറ്റിൽ വേഷത്തിലാണ് കല്യാണി അഭിനയിക്കുന്നത്. മലയാളത്തിലെ ആദ്യത്തെ ഹീമെയിൽ സൂപ്പർഹീറോയാണ് കല്യാണിയുടെ കഥാപാത്രം. ഫഹദിനൊപ്പം ആദ്യമായി അഭിനയിക്കുന്ന ഓടും കുതിര ചാടും കുതിര ഫെസ്റ്റിവൽ മൂഡുള്ളൊരു ചിത്രമാണ്.
ഇതിനിടെ ഇപ്പോഴിതാ ഒരു അഭിമുഖത്തിനിടെ അവതാരകൻ കല്യാണിയെ സൂപ്പർ സ്റ്റാർ എന്ന് വിളിച്ചതും അതിന് കല്യാണി നൽകിയ മറുപടിയും ശ്രദ്ധ നേടുകയാണ്. ഗലാട്ട പ്ലസിന് വേണ്ടി പ്രമുഖ സിനിമാ നിരൂപകൻ ഭരദ്വാജ് രംഗന് നൽകിയ അഭിമുഖത്തിലായിരുന്നു രസകരമായ സംഭവമുണ്ടായത്.
അഭിമുഖത്തിനിടെ കല്യാണിയെ അവതാരകൻ സൂപ്പർ സ്റ്റാർ ഓഫ് ഓണം 2025 എന്ന് വിശേഷിപ്പിക്കുന്നുണ്ട്. എന്നാൽ ഉടനെ തന്നെ അദ്ദേഹത്തെ തിരുത്തുകയാണ് കല്യാണി. ''അല്ല അല്ല. അത് ഇപ്പോഴും എല്ലാക്കാലത്തേയും മഹാനായ നടൻ മോഹൻലാൽ തന്നെയാണ്. ഈ ഓണത്തിനും അദ്ദേഹത്തിന്റെ സിനിമയായ ഹൃദയപൂർവ്വം പുറത്തിറങ്ങുന്നുണ്ട്'' എന്നായിരുന്നു കല്യാണിയുടെ മറുപടി.