അഭിറാം മനോഹർ|
Last Modified ചൊവ്വ, 26 ഡിസംബര്‍ 2023 (14:21 IST)
കോര്‍പ്പറേറ്റ് ബുക്കിംഗ് നടത്തിയിരുന്നുവെങ്കില്‍ തന്റെ ചിത്രമായ അനിമല്‍ ഇതിനകം തന്നെ 1,000 കോടി ക്ലബില്‍ ഇടം പിടിക്കുമായിരുന്നുവെന്ന് സംവിധായകന്‍ സന്ദീപ് റെഡ്ഡി വംഗ. കോര്‍പ്പറേറ്റ് ബുക്കിംഗ് നടത്തിയിട്ടില്ലാത്തതിനാല്‍ തന്നെ അനിമല്‍ സിനിമയുടെ ബോക്‌സോഫീസ് കളക്ഷനെ പറ്റിയുള്ള കണക്കുകള്‍ എല്ലാം കൃത്യതയുള്ളതാണെന്നും സന്ദീപ് റെഡ്ഡി വംഗ പറഞ്ഞു.
സാധാരണയായി സിനിമയുടെ കളക്ഷന്‍ വലിയ രീതിയില്‍ ഉയര്‍ന്നതായി കാണിക്കാന്‍ കോര്‍പ്പറേറ്റ് ബുക്കിംഗിന്റെ കണക്കുകള്‍ പ്രയോജനപ്പെടുത്താറുണ്ട്. വന്‍കിട കമ്പനികള്‍ തങ്ങളുടെ സ്ഥാപനത്തിലെ ജോലിക്കാര്‍ക്ക് കുറഞ്ഞ നിരക്കില്‍ സിനിമ ടിക്കറ്റ് നല്‍കുന്ന രീതിയാണ് കോര്‍പ്പറേറ്റ് ബുക്കിംഗ്. സിനിമയുടെ മാര്‍ക്കറ്റിംഗിനായി സിനിമയുടെ നിര്‍മാതാക്കള്‍ തന്നെയാണ് ഈ രീതി പിന്തുടരുന്നത്. എന്നാല്‍ അനിമലിനായി ബോളിവുഡ് സ്ഥിരമായി ചെയ്യുന്ന ഇക്കാര്യം ചെയ്യാന്‍ താന്‍ തയ്യാറായില്ലെന്ന് സന്ദീപ് റെഡ്ഡി വംഗ വ്യക്തമാക്കി.
സന്ദീപ് റെഡ്ഡിയുടെ പ്രസ്ഥാവനയിലൂടെ ബോളിവുഡിലെ പല സിനിമകളുടെ വന്‍ വിജയങ്ങള്‍ക്കും പിന്നിലെ അണിയറക്കളിയാണ് ഇപ്പോള്‍ വ്യക്തമായിരിക്കുന്നത്. സിനിമകളുടെ ബോക്‌സോഫീസ് കളക്ഷന്‍ കാണിച്ച് അനാവശ്യമായ ഹൈപ്പ് ഉണ്ടാക്കുകയാണ് കോര്‍പ്പറേറ്റ് ബുക്കിംഗിലൂടെ നിര്‍മാതാക്കള്‍ ചെയ്യുന്നതെന്ന് ഇതോടെ പരസ്യമായിരിക്കുകയാണ്.