അഭിറാം മനോഹർ|
Last Modified വ്യാഴം, 24 നവംബര്‍ 2022 (19:32 IST)
സൈന്യത്തിനെതിരായ ട്വീറ്റ് വൻ വിവാദമായതിന് പിന്നാലെ ക്ഷമാപണവുമായി നടി റിച്ച ഛദ്ദ. വിവാദമായ ട്വീറ്റ് താരം നീക്കം ചെയ്തു. പാക് അധീന കശ്മീർ തിരിച്ചുപിടിക്കുമെന്ന ഉന്നത സൈനിക ഉദ്യോഗസ്ഥൻ്റെ പ്രസ്താവനയെ പരിഹസിച്ചുകൊണ്ടായിരുന്നു റിച്ചയുടെ ട്വീറ്റ്.
പാകിസ്ഥാൻ അധീന കശ്മീർ തിരിച്ചുപിടിക്കാൻ ഞങ്ങൾ പൂർണമായും തയ്യാറാണെന്ന് നോർത്തേൺ ആർമി കമാൻഡർ ലഫ്റ്റനൻ്റ് ജനറൽ ഉപേന്ദ ദ്വിവേദി പറഞ്ഞിരുന്നു. ഇതിനായുള്ള സർക്കാർ ഉത്തരവിനായി കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇത് പങ്കുവെച്ചുകൊണ്ട് ഗായ്‌വാൻ സെയ്സ് ഹായ് എന്നാണ് റിച്ച കുറിച്ചത്.
2020ൽ ചൈനീസ് സൈന്യവുമായി നടന്ന ഗാൽവാൻ ഏറ്റുമുട്ടലിനെയാണ് റിച്ച പരാമർശിച്ചത്. ഗാൽവാനിൽ 20 ഇന്ത്യൻ സൈനികരാണ് ഏറ്റുമുട്ടലിൽ അന്ന് മരണപ്പെട്ടത്. ഇതോടെയാണ് സൈന്യത്തെ അപമാനിച്ചുവെന്ന് കാണിച്ച് റിച്ചയ്ക്കെതിരെ വിമർശനം രൂക്ഷമായത്. സൈനികരെ അപമാനിക്കുന്നത് ന്യായീകരിക്കാനാവില്ലെന്ന് ബിജെപി വ്യക്തമാക്കി.ഇതോടെയാണ് ട്വീറ്റിൽ ക്ഷമാപണവുമായി താരം എത്തിയത്.