മോഹന്‍ലാലിന്റെ റി റിലീസ് ചെയ്ത സിനിമകള്‍

മോഹന്‍ലാലിനെ നായകനാക്കി ഭദ്രന്‍ സംവിധാനം ചെയ്ത 'സ്ഫടികം' കഴിഞ്ഞ വര്‍ഷം റി റിലീസ് ചെയ്തിരുന്നു

രേണുക വേണു| Last Modified വെള്ളി, 26 ജൂലൈ 2024 (09:21 IST)

മോഹന്‍ലാലിനെ നായകനാക്കി സിബി മലയില്‍ സംവിധാനം ചെയ്ത 'ദേവദൂതന്‍' 24 വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും തിയറ്ററുകളിലെത്തിയിരിക്കുകയാണ്. രണ്ടായിരത്തില്‍ റിലീസ് ചെയ്ത ഈ ചിത്രം ബോക്‌സ് ഓഫീസില്‍ വന്‍ പരാജയമായിരുന്നെങ്കിലും പിന്നീട് മലയാളത്തിലെ ക്ലാസിക് സിനിമകളിലൊന്നായി എണ്ണപ്പെട്ടു. വിദ്യാസാഗറിന്റെ സംഗീതം തന്നെയാണ് ഈ സിനിമയുടെ പ്രധാന ശ്രദ്ധാകേന്ദ്രം. ഫോര്‍ കെ ദൃശ്യമികവോടെയാണ് ദേവദൂതന്റെ പുതിയ പ്രിന്റ് പ്രേക്ഷകരിലേക്ക് എത്തിയിരിക്കുന്നത്.

മോഹന്‍ലാലിനെ നായകനാക്കി ഭദ്രന്‍ സംവിധാനം ചെയ്ത 'സ്ഫടികം' കഴിഞ്ഞ വര്‍ഷം റി റിലീസ് ചെയ്തിരുന്നു. 2023 ഫെബ്രുവരി ഒന്‍പതിനാണ് സ്ഫടികം വീണ്ടും തിയറ്ററുകളിലെത്തിയത്. 1995 ല്‍ റിലീസ് ചെയ്ത ചിത്രം 28 വര്‍ഷങ്ങള്‍ക്കു ശേഷം ഫോര്‍ കെ ക്വാളിറ്റിയില്‍ റി റിലീസ് ചെയ്യുകയായിരുന്നു. തിയറ്ററുകളില്‍ നിന്ന് റി റിലീസ് ചെയ്ത പതിപ്പും മികച്ച കളക്ഷന്‍ നേടി.

മോഹന്‍ലാലിന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നായ നരസിംഹം 2016 ല്‍ വീണ്ടും തിയറ്ററുകളിലെത്തിയിരുന്നു. നരസിംഹത്തിന്റെ വാര്‍ഷികത്തോടു അനുബന്ധിച്ച് കോട്ടയം അനുപമ തിയറ്ററില്‍ മോഹന്‍ലാല്‍ ഫാന്‍സാണ് പ്രത്യേക ഷോ സജ്ജീകരിച്ചത്. 2016 ജനുവരി 26 നായിരുന്നു ഇത്. ഷാജി കൈലാസ് സംവിധാനം ചെയ്ത നരസിംഹം തിയറ്ററുകളിലെത്തിയത് 2000 ജനുവരി 26 നാണ്. റിലീസ് ചെയ്തു 16-ാം വാര്‍ഷികത്തില്‍ നരസിംഹം വീണ്ടും സ്‌ക്രീനില്‍ കാണാന്‍ മോഹന്‍ലാല്‍ ആരാധകര്‍ക്ക് സാധിച്ചു.

അടുത്ത മാസം റി റിലീസ് ചെയ്യാനിരിക്കുന്ന മണിച്ചിത്രത്താഴും ഈ കൂട്ടത്തില്‍ ഉള്‍പ്പെടും. 31 വര്‍ഷങ്ങള്‍ക്കു ശേഷമാണ് മലയാളത്തിലെ എക്കാലത്തേയും ക്ലാസിക് ചിത്രങ്ങളില്‍ ഒന്നായ 'മണിച്ചിത്രത്താഴ്' വീണ്ടും തിയറ്ററുകളില്‍ എത്തുന്നത്. ചിത്രത്തിന്റെ റിമാസ്റ്റര്‍ ചെയ്ത പതിപ്പ് ഓഗസ്റ്റ് 17 ന് റിലീസ് ചെയ്യും. ഫോര്‍ കെ ദൃശ്യമികവോടെയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഇ ഫോര്‍ എന്റര്‍ടെയ്ന്‍മെന്റ്സും മാറ്റിനി നൗവും ചേര്‍ന്നാണ് ചിത്രത്തിന്റെ പുതിയ പതിപ്പ് തിയറ്ററുകളിലെത്തിക്കുന്നത്. മധു മുട്ടത്തിന്റെ തിരക്കഥയില്‍ ഫാസില്‍ സംവിധാനം ചെയ്ത 'മണിച്ചിത്രത്താഴ്' 1993 ലാണ് തിയറ്ററുകളിലെത്തിയത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :