പോക്കിരിരാജയിലെ കുനിഷ്ട് വില്ലത്തിയെ ഓര്‍മയില്ലേ? നടി കന്യാ ഭാരതിയുടെ ജീവിതം ഇങ്ങനെ

രേണുക വേണു| Last Modified ശനി, 7 മെയ് 2022 (10:09 IST)

മലയാളികള്‍ക്ക് ഏറെ സുപരിചിതയായ നടിയാണ് കന്യാ ഭാരതി. ഫാസില്‍ സംവിധാനം ചെയ്ത എന്റെ സൂര്യപുത്രിക്ക് എന്ന സിനിമയില്‍ അമല അവതരിപ്പിച്ച നായികാ കഥാപാത്രമായ മായാ വിനോദിനിയുടെ സുഹൃത്ത് ഹേമ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് കന്യാ ഭാരതി അഭിനയരംഗത്തേക്ക് എത്തിയത്. പത്തനംത്തിട്ട കുറുമ്പക്കര സ്വദേശിനിയാണ് കന്യാ ഭാരതി.

1980 ജനുവരി ഒന്നിനാണ് കന്യാഭാരതിയുടെ ജനനം. താരത്തിന് ഇപ്പോള്‍ 42 വയസ് കഴിഞ്ഞു. ഇതു മഞ്ഞുകാലം, ഭാര്യ, ഇലയും മുള്ളും തുടങ്ങിയ സിനിമകളില്‍ കന്യാ ഭാരതി അഭിനയിച്ചു. പവിത്രന്‍ സംവിധാനം ചെയ്ത ബലി എന്ന സിനിമയിലൂടെ നായികയായും കന്യാ ഭാരതി അരങ്ങേറി. സാവിത്രി എന്ന കന്യയുടെ കഥാപാത്രത്തെ ആ വര്‍ഷത്തെ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരത്തിനു പരിഗണിച്ചിരുന്നു. അമ്മ അമ്മായിയമ്മ എന്ന സിനിമയിലെ താരത്തിന്റെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടു. മമ്മൂട്ടിയും പൃഥ്വിരാജും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച പോക്കിരിരാജയില്‍ ശ്രദ്ധേയമായ വില്ലത്തി വേഷമാണ് കന്യാ ഭാരതി അവതരിപ്പിച്ചത്. പുത്തൂരം പുത്രി ഉണ്ണിയാര്‍ച്ചയിലെ കുഞ്ചുനൂലി, പ്രജാപതിയിലെ ദേവകി എന്നീ കഥാപാത്രങ്ങളും ശ്രദ്ധിക്കപ്പെട്ടു.

സിനിമയേക്കാള്‍ സീരിയലുകളിലാണ് താരം ഇപ്പോള്‍ സജീവം. ദുരദര്‍ശനില്‍ സംപ്രേഷണം ചെയ്തിരുന്ന മാനസി എന്ന സീരിയലിലെ മീര ഐപിഎസ് എന്ന കഥാപാത്രമാണ് താരത്തിനു കൂടുതല്‍ ജനശ്രദ്ധ നേടിക്കൊടുത്തത്. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്തിരുന്ന ചന്ദനമഴയിലെ മായാവതിയെ പ്രേക്ഷകര്‍ ഒരിക്കലും മറക്കില്ല. സ്വാമി അയ്യപ്പന്‍, മാനസവീണ, അമ്മ, എന്ന് സ്വന്തം ജാനി തുടങ്ങിയ നിരവധി സീരിയലുകളില്‍ നടി അഭിനയിച്ചു സീ കേരളത്തില്‍ സംപ്രേഷണം ചെയ്യുന്ന കൈയെത്തും ദൂരത്ത് എന്ന സീരിയലിലാണ് നടി ഇപ്പോള്‍ അഭിനയിക്കുന്നത്. തമിഴ് സീരിയലുകളിലും നടി സജീവമാണ്.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :