നടി ശാരദയുടെ മേക്കപ്പ് മാന്‍ ആയിരുന്നു മമ്മൂട്ടി; മുകേഷിന്റെ പെരുംനുണ പ്രിയ രാമന്‍ വിശ്വസിച്ചു, ഒടുവില്‍ പൊട്ടിച്ചിരി

രേണുക വേണു| Last Modified വെള്ളി, 8 ഒക്‌ടോബര്‍ 2021 (08:42 IST)

എസ്.എന്‍.സ്വാമിയുടെ തിരക്കഥയില്‍ ജോഷി സംവിധാനം ചെയ്ത് 1994 ല്‍ പുറത്തിറങ്ങിയ സിനിമയാണ് സൈന്യം. മമ്മൂട്ടി, മുകേഷ്, വിക്രം, പ്രിയാ രാമന്‍, മോഹിനി, ദിലീപ് തുടങ്ങി പ്രമുഖ താരങ്ങള്‍ സൈന്യത്തില്‍ അണിനിരന്നു. ഈ സിനിമയുടെ ഷൂട്ടിങ്ങിനിടയില്‍ സംഭവിച്ച രസകരമായ ചില കാര്യങ്ങള്‍ മുകേഷ് തന്റെ യൂട്യൂബ് ചാനലായ മുകേഷ് സ്പീക്കിങ്ങിലെ ഏറ്റവും പുതിയ എപ്പിസോഡില്‍ തുറന്നുപറഞ്ഞിട്ടുണ്ട്.

സിനിമയില്‍ പ്രിയ രാമന് പൊള്ളലേറ്റു കിടക്കുന്ന ഒരു രംഗമുണ്ട്. പ്രിയയുടെ ദേഹത്ത് പൊള്ളലേറ്റ പോലെ കാണിക്കാന്‍ മേക്കപ്പ്മാന്‍മാര്‍ക്ക് സംവിധായകന്‍ ജോഷി നിര്‍ദേശം നല്‍കി. മൂന്ന് മേക്കപ്പ്മാന്‍മാരാണുള്ളത്. സ്വന്തം കൈയില്‍ പൊള്ളലേറ്റ പോലെ മേക്കപ്പ് ഇട്ടു വരാന്‍ മൂന്ന് മേക്കപ്പ്മാന്‍മാരോടും ജോഷി പറഞ്ഞു. എന്നാല്‍, ഈ മൂന്ന് മേക്കപ്പും ജോഷിക്ക് ഇഷ്ടമായില്ല. പൊള്ളലേറ്റ പോലെ തോന്നുന്നില്ല എന്നായിരുന്നു ജോഷിയുടെ പരാതി. ജോഷി അടക്കമുള്ളവര്‍ ആകെ ആശയക്കുഴപ്പത്തില്‍ നില്‍ക്കുമ്പോള്‍ മമ്മൂട്ടി കടന്നുവന്നു. തന്റെ മേക്കപ്പ്മാന്‍ ജോര്‍ജിനെ മമ്മൂട്ടി വിളിച്ചു. എന്നിട്ട് ചില പൊടിക്കൈകള്‍ പറഞ്ഞു കൊടുത്തു. ജോര്‍ജ് പ്രിയ രാമനെ പൊള്ളലേറ്റ പോലെ മേക്കപ്പ് ചെയ്യാന്‍ തുടങ്ങി. മമ്മൂട്ടി പറഞ്ഞതനുസരിച്ചുള്ള ജോര്‍ജ്ജിന്റെ മേക്കപ്പ് എല്ലാവര്‍ക്കും ഇഷ്ടപ്പെട്ടു. പെര്‍ഫക്ട് എന്ന് ജോഷിയും പറഞ്ഞു.

മേക്കപ്പ് കഴിഞ്ഞപ്പോള്‍ മമ്മൂട്ടി തന്റെ വാഹനത്തിലേക്ക് കയറിപ്പോയി. മുകേഷ് പ്രിയ രാമന്റെ അടുത്തുണ്ട്. മമ്മൂട്ടി മേക്കപ്പ് ചെയ്യാനുള്ള ടിപ്‌സ് പറഞ്ഞുകൊടുത്തപ്പോള്‍ താന്‍ ഞെട്ടിയെന്നായി പ്രിയ രാമന്‍. മമ്മൂട്ടിക്ക് മേക്കപ്പും അറിയുമല്ലോ എന്ന് പ്രിയ രാമന്‍ ചോദിച്ചു. പൊതുവെ സരസനും കുസൃതിക്കാരനുമായ മുകേഷ് ആ സമയത്ത് ഒരു വെടി പൊട്ടിച്ചു. മമ്മൂട്ടി വാഹനത്തില്‍ ആയതിനാല്‍ കേള്‍ക്കില്ലല്ലോ എന്ന് വിചാരിച്ചാണ് മുകേഷ് ഒരു നുണ പറയാന്‍ തുടങ്ങിയത്. നടി ശാരദയുടെ മേക്കപ്പ്മാന്‍ ആയിരുന്നു സിനിമയിലെത്തും മുന്‍പ് മമ്മൂട്ടി എന്നാണ് മുകേഷ് പ്രിയ രാമനോട് പറഞ്ഞത്. ഏഴ് വര്‍ഷം മമ്മൂട്ടി ശാരദയുടെ മേക്കപ്പ്മാന്‍ ആയിരുന്നെന്നും മുകേഷ് പറഞ്ഞു. ഇത് കേട്ടതും ചുറ്റിലുമുള്ള പലരും ചിരിച്ചു. എന്നാല്‍, പ്രിയ രാമന്‍ ഈ നുണ വിശ്വസിക്കുകയായിരുന്നു. മമ്മൂക്ക മേക്കപ്പ്മാന്‍ ആയിരുന്നോ? അക്കാര്യം എനിക്ക് അറിയില്ലായിരുന്നു എന്നായി പ്രിയ രാമന്‍.

ഈ സമയത്ത് സെറ്റില്‍നിന്ന് പൊട്ടിച്ചിരി കേട്ട് മമ്മൂട്ടി വാഹനത്തില്‍ നിന്ന് ഇറങ്ങിവന്നു. എല്ലാവരും എന്തിനാണ് ചിരിക്കുന്നതെന്ന് മമ്മൂട്ടി ചോദിച്ചു. ആരും ചിരിച്ചില്ലെന്നും മമ്മൂക്കയെ മുകേഷ് പുകഴ്ത്തി സംസാരിക്കുകയായിരുന്നെന്നും പ്രിയ രാമന്‍ നിഷ്‌കളങ്കമായി പറഞ്ഞു. തന്നെ പുകഴ്ത്തി പറഞ്ഞ ആ കാര്യം അറിയണമെന്നായി മമ്മൂട്ടി. സിനിമയിലെത്തുന്നതിനു മുന്‍പ് ഏഴ് വര്‍ഷം മമ്മൂക്ക ശാരദ മാഡത്തിന്റെ മേക്കപ്പ്മാന്‍ ആയിരുന്നല്ലേ, എനിക്കത് അറിയില്ലായിരുന്നു, മുകേഷ് പറഞ്ഞപ്പോള്‍ ആണ് അറിഞ്ഞത് എന്നായി പ്രിയ രാമന്‍. ഇതുകേട്ട മമ്മൂട്ടി മുകേഷിനെ അടിമുടി നോക്കി. മുകേഷിന്റെ കുസൃതി മമ്മൂട്ടിക്കും ഇഷ്ടപ്പെട്ടു. തന്നെ ചേര്‍ത്തുപിടിച്ച് മമ്മൂക്ക പൊട്ടിച്ചിരിക്കുകയായിരുന്നെന്ന് മുകേഷ് പറയുന്നു. എന്നാല്‍, അപ്പോഴും പ്രിയ രാമന് കാര്യം കലങ്ങിയിട്ടില്ല. മമ്മൂട്ടി ശാരദയുടെ മേക്കപ്പ്മാന്‍ ആയിരുന്നെന്ന നുണ പ്രിയ രാമന്‍ വിശ്വസിച്ചിരിക്കുകയായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :