അഭിറാം മനോഹർ|
Last Modified വ്യാഴം, 11 നവംബര്‍ 2021 (20:16 IST)
മോഹൻലാൽ ചിത്രം
മരക്കാർ അറബിക്കടലിന്റെ സിംഹം' തീയേറ്ററുകളില്‍ റിലീസ് ചെയ്യും. ഡിസംബർ രണ്ടിന് ചിത്രം റിലീസ് ചെയ്യുമെന്നാണ് ഒടുവിൽ ലഭിക്കുന്ന വിവരം. മന്ത്രി സജി ചെറിയാൻ നിർമ്മാതാവ് ആന്റണി പെരുമ്പാവൂരും പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ നേതാക്കളുമായി നടത്തിയ ചർച്ചയ്ക്കൊടുവിലാണ് മരക്കാർ തീയേറ്ററിൽ തന്നെ റിലീസ് ചെയ്യുമെന്ന് വ്യക്തമാക്കിയത്. മന്ത്രി തന്നെയാണ് ചിത്രത്തിന്റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചത്.
നീണ്ട വിവാദങ്ങൾക്കൊടുവിലാണ് ചിത്രം തീയേറ്റർ റിലീസിനെത്തുന്നത്. ഉപാധികളൊന്നുമില്ലാതെയായിരിക്കും ചിത്രം തീയേറ്ററുകളിൽ റിലീസ് ചെയ്യുക. മലയാള സിനിമയുടെ നിലനിൽപ്പിന് വേണ്ടിയും സിനിമാ വ്യവസായത്തിൽ പ്രവർത്തിക്കുന്ന പതിനായിരക്കണക്കിന് ആളുകളുടെ ജീവിതം നിലനിർത്തേണ്ടതിന്റെ ആവശ്യം പരിഗണിച്ചും ആന്റണി പെരുമ്പാവൂർ വലിയൊരു വിട്ടുവീഴ്‌ചയാണ് ചെയ്‌തിരിക്കുന്നതെന്നും ല്ലാവർക്കും സന്തോഷമുണ്ടാക്കുന്നെന്നുേം മന്ത്രി സജി ചെറിയാൻ മാധ്യമങ്ങളോട് പറഞ്ഞു.
നൂറ് ശതമാനം സിറ്റിങ് കപ്പാസിറ്റി സംസ്ഥാനത്തെ തിയേറ്ററുകൾക്ക് ഡിസംബർ മുതൽ ലഭിക്കാനുള്ള സാധ്യതയുള്ളതുകൊണ്ടാണ് ഡിസംബറിൽ തന്നെ ചിത്രം തീയേറ്റർ റിലീസിനെത്തുന്നത്. ആമസോൺ പ്രൈമിലൂടെ റിലീസ് ചെയ്യാനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ ഇത് കരാറിൽ ഒപ്പ് വെച്ചിട്ടില്ല എന്നാണ് വിവരം.