രേണുക വേണു|
Last Modified തിങ്കള്‍, 29 സെപ്‌റ്റംബര്‍ 2025 (11:50 IST)
Mammootty: ആറ് മാസത്തിലേറെയായി സിനിമയില്‍ നിന്ന് ഇടവേളയെടുത്തിരിക്കുന്ന മെഗാസ്റ്റാര്‍ മമ്മൂട്ടി ഷൂട്ടിങ് ലൊക്കേഷനിലേക്ക് തിരിച്ചെത്തുന്നു. ഒക്ടോബര്‍ ഒന്നിനു ഹൈദരബാദില്‍ മഹേഷ് നാരായണന്‍ ചിത്രത്തിന്റെ ലൊക്കേഷനില്‍ മമ്മൂട്ടിയെത്തും. ചെന്നൈയില്‍ നിന്നാണ് മമ്മൂട്ടി ഹൈദരബാദിലേക്ക് പോകുക.
ഹൈദരബാദിലെ ചിത്രീകരണത്തിനു ശേഷം യുകെയിലേക്കാണ് മമ്മൂട്ടി പോകുക. മഹേഷ് നാരായണന്‍ ചിത്രത്തിന്റെ തുടര്‍ന്നുള്ള ചിത്രീകരണം യുകെയില്‍ നടക്കും. മോഹന്‍ലാലും യുകെ ഷെഡ്യൂളില്‍ ഭാഗമായേക്കും. മമ്മൂട്ടിയുടെ തിരിച്ചുവരവിനു ശേഷം മഹേഷ് നാരായണന്‍ ചിത്രത്തിന്റെ ടീസര്‍ പുറത്തിറക്കാനും അണിയറപ്രവര്‍ത്തകര്‍ തീരുമാനിച്ചിട്ടുണ്ട്.
നിര്‍മാതാവും മമ്മൂട്ടിയുടെ സുഹൃത്തുമായ ആന്റോ ജോസഫ് ആണ് താരത്തിന്റെ തിരിച്ചുവരവ് സന്തോഷം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്. ആന്റോ ജോസഫിന്റെ വാക്കുകള്‍ ഇങ്ങനെ, ' പ്രിയപ്പെട്ട മമ്മൂക്ക വരുന്നു. മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ തുടര്‍ന്ന് അഭിനയിക്കുവാന്‍ ഒക്ടോബര്‍ ഒന്നുമുതല്‍.
ചെറിയൊരു ഇടവേളയായിരുന്നു ഇത്രയും കാലം എന്നുമാത്രമേ കരുതുന്നുള്ളൂ. അപ്രതീക്ഷിതമായി വന്ന ആ ഇടവേള ലോകമെങ്ങുമുള്ളവരുടെ പ്രാര്‍ത്ഥനകളുടെയും മനസ്സാന്നിധ്യത്തിന്റെയും ബലത്തില്‍ അതിജീവിച്ചു. മമ്മുക്ക ഹൈദരബാദ് ഷെഡ്യൂളില്‍ ജോയിന്‍ ചെയ്യും.
പ്രാര്‍ത്ഥനകളില്‍ കൂട്ടുവന്നവര്‍ക്കും, ഉലഞ്ഞപ്പോള്‍ തുണയായവര്‍ക്കും ഹൃദയം നിറഞ്ഞ നന്ദിയും സ്‌നേഹവും.'