രേണുക വേണു|
Last Modified വ്യാഴം, 11 നവംബര്‍ 2021 (21:27 IST)
മെഗാസ്റ്റാര്‍ മമ്മൂട്ടിയുമായുള്ള സൗഹൃദത്തെ കുറിച്ച് പങ്കുവച്ച് ടി.ജി.രവി. പ്രീസ്റ്റ് സിനിമയുടെ സെറ്റില്‍വച്ച് മമ്മൂട്ടി തന്നെ കാരവാനിലേക്ക് വിളിച്ച് സംസാരിച്ച സംഭവവും ടി.ജി.രവി വിവരിച്ചു.
'കുറേ നാളുകള്‍ക്ക് ശേഷമാണ് മമ്മൂട്ടിയുടെ കൂടെ ഞാന്‍ ഒരു സിനിമ ചെയ്യുന്നത്. പലപ്പോഴും മമ്മൂട്ടിയുടെ കൂടെ സംസാരിക്കാന്‍ ചുറ്റും ആളുകള്‍ കാണും. ഞാന്‍ ചെല്ലുമ്പോള്‍ താന്‍ ഇരിക്കടോ എന്ന് മമ്മൂട്ടി പറയും. ഒരു ദിവസം സംസാരിച്ചു കഴിഞ്ഞു പോകുമ്പോള്‍ ടിജി എന്റെ കാരവാനിലേക്കൊന്ന് വരണമെന്ന് മമ്മൂട്ടി എന്നോട് പറഞ്ഞു. ഞാന്‍ പോയി. താന്‍ എന്ന് മുതലാണ് എന്നെ 'നിങ്ങള്‍' എന്ന് സംബോധന ചെയ്യാന്‍ തുടങ്ങിയതെന്ന് മമ്മൂട്ടി എന്നോട് ചോദിച്ചു. ഞാന്‍ സിനിമയില്‍ നിന്ന് മാറിനില്‍ക്കുന്ന സമയത്തിനു മുന്‍പ് 'എടോ' 'താന്‍' എന്നൊക്കെ വിളിച്ചിരുന്നു. പക്ഷേ, ഇപ്പോള്‍ അങ്ങനെയല്ല. ഒരു നടനെന്ന നിലയില്‍ നിങ്ങള്‍ എന്നെക്കോള്‍ എത്രയോ മേലെയാണ്. ജനങ്ങളുടെ മുന്നില്‍ പ്രത്യേകിച്ച്. അതുകൊണ്ട് എടോ, താന്‍ എന്നൊന്നും ആളുകളുടെ മുന്നില്‍ വച്ച് വിളിക്കുന്നത് ശരിയല്ലെന്ന് തോന്നി. ഇതുകേട്ട് മമ്മൂട്ടി ചിരിക്കുകയായിരുന്നു,' ടി.ജി.രവി പറഞ്ഞു.