അഭിറാം മനോഹർ|
Last Modified ബുധന്‍, 22 സെപ്‌റ്റംബര്‍ 2021 (19:34 IST)
ലിജോ ജോസ് പെല്ലിശ്ശേരിയും മമ്മൂട്ടിയും ആദ്യമായി ഒരുമിക്കുന്നുവെന്ന റിപ്പോർട്ടുകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. എംടി വാസുദേവൻ നായരുടെ കഥകളെ ആസ്‌പദമാക്കി നെറ്റ്‌ഫ്ലിക്‌സ് ഒരുക്കുന്ന ആന്തോളജി ചിത്രത്തിലാവും ഇവർ ആദ്യമായി ഒരുമിക്കുക എന്നായിരുന്നു റിപ്പോർട്ട്. എന്നാൽ ഇപ്പോളിതാ മമ്മൂട്ടി-ലിജോ ജോസ് കൂട്ടുക്കെട്ടിന്റേതായി രണ്ട് സിനിമകൾ ഒരുങ്ങുന്നുവെന്ന വാർത്തകളാണ് പുറത്തുവരുന്നത്.
മമ്മൂട്ടിയുടെ ഉടമസ്ഥതയില്‍ ഒരു പുതിയ ബാനറിന്റെ കീഴിൽ ചിത്രത്തിന്റെ നിർമാണവും മമ്മൂട്ടി തന്നെയായിരിക്കും നിർവഹിക്കുക എന്നാണ് റിപ്പോർട്ട്. നേരത്തെ പ്ലേ ഹൗസ് എന്ന ബാനറിന് കീഴിൽ മമ്മൂട്ടി സിനിമകൾ നിർമിച്ചിരുന്നു. നിലവിൽ
ചിത്രീകരണം പുരോഗമിക്കുന്ന രതീന ഷര്‍ഷാദിന്‍റെ 'പുഴു' പൂര്‍ത്തിയാക്കിയതിനുശേഷം മമ്മൂട്ടി ലിജോയുടെ ഫീച്ചര്‍ ചിത്രത്തില്‍ ജോയിന്‍ ചെയ്യുമെന്നാണ് വിവരം.
എം ടി വാസുദേവന്‍ നായരുടെ ആറ് കഥകള്‍ കോര്ത്തിണക്കിയ ആന്തോളജി ചിത്രത്തില്‍ ജയരാജ്, പ്രിയദര്‍ശന്‍, സന്തോഷ് ശിവന്‍ എന്നിവരും ചിത്രങ്ങള്‍ ഒരുക്കുന്നുണ്ട്. എംടി-പ്രിയദർശൻ ചിത്രത്തിനായി മമ്മൂട്ടിയെ സമീപിച്ചെങ്കിലും മമ്മൂട്ടി ഓഫർ നിരസിച്ചതായി നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു.
'പുഴു' കൂടാതെ അമല്‍ നീരദ് ഒരുക്കുന്ന 'ഭീഷ്‍മ പര്‍വ്വം', സിബിഐ സിരീസിലെ അഞ്ചാം ചിത്രം, 'കെട്ട്യോളാണ് എന്‍റെ മാലാഖ' സംവിധായകന്‍ നിസാം ബഷീറിന്‍റെ പുതിയ ചിത്രം'മാമാങ്ക'ത്തിനു ശേഷം വേണു കുന്നപ്പിള്ളി നിര്‍മ്മിക്കുന്ന ചിത്രം എന്നിവയാണ് മമ്മൂട്ടിയുടേതായി വരാനിരിക്കുന്ന മറ്റു പ്രോജക്റ്റുകള്‍.