സമൂഹത്തിന്റെ ജീർണതയ്ക്കെതിരെ പ്രതികരിച്ച കാവ‌ൽക്കാരനോ? മനശാസ്‌ത്രജ്ഞനോ? കുറ്റാന്വേഷകനോ? ചർച്ചയായി മമ്മൂട്ടിയുടെ റോഷാക്ക്

അഭിറാം മനോഹർ| Last Modified ചൊവ്വ, 3 മെയ് 2022 (15:03 IST)
ഒരു സാധാരണ ത്രില്ലർ ചിത്രം അണിയറയിൽ ഒരുങ്ങുന്നു എന്നതിൽ നിന്നും മാറി മമ്മൂട്ടി- ത്രില്ലർ ചിത്രം സമൂഹമാധ്യമങ്ങളിൽ ചർച്ചയായത് വളരെ പെട്ടെന്നാണ്. ചോരപുരണ്ട തുണിയും മുഖത്ത് ചുറ്റി കസേരയിൽ ഇരിക്കുന്ന മമ്മൂട്ടിയുടെ ചിത്രമായിരുന്നു സിനിമയുടെ ടൈറ്റിലിനൊപ്പം ഫസ്റ്റ്‌ലുക്കായി സിനിമയുടെ അണിയറ പ്രവർത്തകർ പുറത്തുവിട്ടത്.

റോഷാക്ക് എന്ന ടൈറ്റിൽ പുറത്തുവന്നതോടെ സിനിമയെ പറ്റിയുള്ള തിയറികൾ കണ്ടെടുക്കുന്നതിന്റെ തിരക്കിലാണ് സോഷ്യൽ മീഡിയ. 1986 ല്‍ പുറത്തിറക്കിയ 'വാച്ച്മാന്‍' എന്ന കാര്‍ട്ടൂണ്‍ പരമ്പരയിലെ ഏറെ ആരാധകരുള്ള റോഷാക്ക് എന്ന മാനസികമായ തകരാറുകൾ ഉള്ള സൂപ്പർ ഹീറോ ഷെയ്‌ഡുള്ള വിജിലാന്റെയാകാം മമ്മൂട്ടിയെന്നും അതല്ല മാനസിക പ്രശ്നങ്ങൾ,ഇമോഷനുകൾ, പേടികൾ ഇതൊക്കെ ചില
ചിത്രങ്ങളുടെ സഹായത്തോടെ മനസിലാക്കാൻ കഴിയുന്ന റോഷാക്ക് ഇങ്ക് ബ്ലോട്ട് ടെസ്റ്റിനെ പറ്റിയുള്ള സൂചനയാകാം ടൈറ്റിലെന്നും ഫാൻ തിയറികൾ വന്നുകഴിഞ്ഞു.

ഡിസിയുടെ റോഷാക്ക് എന്ന വിജിലാന്റെയിലൂടെ സഞ്ചരിക്കുകയാണെങ്കിൽ ഒരു ഡിറ്റക്‌ടീവ് കൂടിയായിരുന്ന സമൂഹത്തിന്റെ ജീർണതകളെ തുറന്നുകാണിച്ചിരുന്ന മാനസിക പ്രശ്‌നങ്ങളുള്ള കാവ‌‌ൽക്കാരനായിരുന്നു ഹീറോ. സൂപ്പർ ഹീറോ എലമെന്റ് ഒഴിവാക്കുകയാണെങ്കിൽ സമൂഹത്തിന്റെ ജീർണതയ്ക്കെതിരെ പ്രതികരിച്ച/പ്രതികരിക്കുന്ന ഒരാളായി ആയിരിക്കണം മമ്മൂട്ടി എത്തുന്നത്.

കുട്ടിക്കാലത്തിലെ മോശം അനുഭവങ്ങൾ വേട്ടയാടിയിരുന്ന റോഷാക്ക് തന്റെ ബാല്യകാല അനുഭവങ്ങളിലൂടെയാണ് സമൂഹത്തിന്റെ കപടമുഖം തുറന്നുകാണിക്കാൻ വെമ്പലുള്ള സമൂഹത്തിനോട് വിദ്വേഷം പുലർത്തുന്ന ആളായി മാറുന്നത്. കറുപ്പും വെളുപ്പും ചേർന്ന റോഷാക്കിന്റെ മുഖപടം തന്നെ സമൂഹത്തിന്റെ നേർചിത്രമായാണ് വ്യാഖ്യാനിക്കപ്പെടുന്നത്. എന്തായാലും പുത്തൻ സംവിധായകർക്കൊപ്പം സിനിമയിൽ പുതുചരിത്രം തീർക്കാനാണ് മമ്മൂട്ടിയുടെ വരവെന്ന് തീർച്ച.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :