നാദിയ ഫിറോസ്|
Last Updated:
ശനി, 9 നവംബര്‍ 2019 (15:55 IST)
ഒരു നല്ല തിരക്കഥ കിട്ടിയാല്‍ അത് എത്രയും പെട്ടെന്ന് സിനിമയാക്കണമെന്ന അഭിപ്രായക്കാരനാണ് മമ്മൂട്ടി. മറ്റ് പ്രൊജക്ടുകളുടെ ഡേറ്റ് അഡ്‌ജസ്റ്റ് ചെയ്തും അത് സിനിമയാക്കാന്‍ ശ്രമിക്കും. എന്നാല്‍ ചിലപ്പോഴൊക്കെ എത്ര അഡ്‌ജസ്റ്റ് ചെയ്താലും ചില ഇഷ്ടമുള്ള തിരക്കഥകള്‍ സിനിമയാക്കാന്‍ വൈകുന്നു എന്നത് മമ്മൂട്ടിയെ അസ്വസ്ഥനാക്കുന്ന കാര്യമാണ്.
ഇപ്പോള്‍, നടന്‍ സൌബിന്‍ ഷാഹിറിന്‍റെ ഒരു തിരക്കഥയുടെ കാര്യം തന്നെയെടുക്കാം. അത് മമ്മൂട്ടിക്ക് ഏറെ ഇഷ്ടമായി. ഉടന്‍ തന്നെ ചെയ്യണമെന്ന് പറഞ്ഞു. എന്നാല്‍ മമ്മൂട്ടിക്ക് തിരക്കോട് തിരക്ക്. സൌബിനും തിരക്ക്. അങ്ങനെ ആ സിനിമ മാറിമാറിപ്പോകുകയാണ്. എങ്കിലും ഉടന്‍ തന്നെ ഈ പ്രൊജക്ടിന് സമയം കണ്ടെത്താനാകുമെന്ന വിശ്വാസത്തിലാണ് മെഗാസ്റ്റാറും സൌബിനും.
‘പണി പാളി’ എന്നായിരുന്നു സൌബിന്‍ ആദ്യം ഈ തിരക്കഥയ്ക്ക് ഇട്ടിരുന്ന പേര്. ഇനി അതാണോ പ്രൊജക്ട് വൈകുന്നതിന് കാരണം? എന്തായാലും ഇപ്പോള്‍ ‘ചെറുകഥ’ എന്ന് ടൈറ്റില്‍ മാറ്റിയിട്ടുണ്ട്. ‘പറവ’യ്ക്ക് ശേഷം സൌബിന്‍ സംവിധാനം ചെയ്യുന്ന ചിത്രമായിരിക്കും ഇത്. ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ‘ചെറുകഥ’ വ്യത്യസ്തമായ ഒരു സിനിമാനുഭവമായിരിക്കുമെന്നതില്‍ സംശയമില്ല.
വളരെ സങ്കീര്‍ണമായ ഒരു മൈന്‍ഡ് ഗെയിമാണ് ഈ സിനിമയിലൂടെ സൌബിന്‍ പറയാന്‍ ശ്രമിക്കുന്നത്. മലയാള സിനിമയില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു മേക്കിംഗ് ശൈലിയായിരിക്കും ‘ചെറുകഥ’യുടേത്.