കെ ആര്‍ അനൂപ്|
Last Modified ബുധന്‍, 20 ഒക്‌ടോബര്‍ 2021 (14:37 IST)
കൂട്ടിക്കലിലും പരിസര പ്രദേശങ്ങളിലും സ്‌പെഷലിസ്റ്റ് ഡോക്ടര്‍ മാരുടെ സേവനം നാളെ ഉണ്ടാകും.മമ്മൂക്കയുടെ മെഡിക്കല്‍ സംഘം നാളെ എത്തുമെന്ന് നിര്‍മാതാവ് എസ് ജോര്‍ജ്ജ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു. 150 പുതിയ ജല സംഭരണികള്‍ കോയമ്പത്തൂരില്‍ നിന്നും കോട്ടയത്ത് എത്തിച്ചത് ഉള്‍പ്പെടെ അവര്‍ നടത്തിയ പ്രവര്‍ത്തനങ്ങളെ കുറിച്ച് പറയുകയാണ് ജോര്‍ജ്ജ്.
'സ്പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുടെ സേവനവുമായി മമ്മൂക്കയുടെ മെഡിക്കല്‍ സംഘം നാളെ (ഒക്ടോബര്‍ 21) രാവിലെ 9 മണിമുതല്‍ പ്രളയം ബാധിച്ച കൂട്ടിക്കലിലും പരിസര പ്രദേശങ്ങളിലും'- എസ് ജോര്‍ജ്ജ് കുറിച്ചു.
ജോര്‍ജിന്റെ വാക്കുകളിലേക്ക്
കൂട്ടിക്കലും പരിസരപ്രദേശങ്ങളിലും ഉണ്ടായ സമാനതകള്‍ ഇല്ലാത്ത ദുരന്തം ശ്രദ്ധയില്‍ പെട്ടപ്പോള്‍ തന്നെ അടിയന്തിരമായി അവിടെ പോകാനും നമ്മുടെ സഹജീവികള്‍ക്ക് ആവശ്യമുള്ള സഹായം ഉടനടി എത്തിക്കാനും മമ്മുക്ക ആവശ്യപ്പെട്ടിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ കെയര്‍ ആന്‍ഡ് ഷെയര്‍ മാനേജിങ് ഡയറക്ടര്‍ ഫാ തോമസ് കുര്യന്‍ മരോട്ടിപ്പുഴയുടെ നേതൃത്വത്തില്‍ ഇന്നലെ മുതല്‍ ഒരു സംഘം ആളുകള്‍ കൂട്ടിക്കലില്‍ ക്യാമ്പ് ചെയ്ത് ആവശ്യമായ കാര്യങ്ങള്‍ ചെയ്ത് പോരുകയാണ്. എല്ലാം നഷ്ടപ്പെട്ട നമ്മുടെ കൂടെ പിറപ്പുകള്‍ക്ക് വേണ്ടി സംസ്ഥാനസര്‍ക്കാര്‍ പരമാവധി കാര്യങ്ങള്‍ ചെയ്യുന്നുണ്ട്.
നമുക്ക് പറ്റും വിധത്തില്‍ നമ്മളും സപ്പോര്‍ട് ചെയ്യുന്നു. ആദ്യമായിട്ട് അവര്‍ക്ക് കുടിവെള്ളം സംഭരിക്കാനും ഉപയോഗിക്കാനും ഉതകും വിധത്തില്‍ 150 പുതിയ ജല സംഭരണികള്‍ കോയമ്പത്തൂരില്‍ നിന്നും ഇപ്പോള്‍ കോട്ടയത്ത് എത്തിയിട്ടുണ്ട്. കൂടാതെ രണ്ടാ യിരത്തില്‍ പരം ആളുകള്‍ക്ക് നിത്യോപയോഗത്തിനു ഉപകരിക്കും വിധത്തില്‍ നേരിട്ട് സഹായം എത്തിക്കുന്നതിനുള്ള സാധനങ്ങള്‍ നാളെയോട് കൂടി എത്തിച്ചേരും. സ്പെഷ്യലിസ്റ്റ് ഡോക്ടര്‍മാര്‍ ഉള്‍പ്പെടെഉള്ള മെഡിക്കല്‍ സംഘത്തെ അവിടെ എത്തിക്കാന്‍ മമ്മൂക്ക തന്നെ നേരിട്ട് ഇടപെടുന്നുമുണ്ട്.
ആലുവ രാജഗിരി ആശുപത്രി അധികൃതര്‍ ഈ ഉദ്യമത്തിന് ഇതിനോടകം തങ്ങളുടെ പിന്തുണഅദ്ദേഹത്തെ അറിയിച്ചു കഴിഞ്ഞു. ആ സൗകുര്യങ്ങളും നാളെ അല്ലങ്കില്‍ മറ്റന്നാള്‍ പുലര്‍ച്ചെ ക്യാമ്പുകളില്‍ എത്തിക്കും. വിശദമായി കാര്യങ്ങള്‍ ഉടനെ എല്ലാവരെയും അറിയിക്കും.
ഈ ഉദ്യമത്തില്‍ കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷനിലൂടെ മമ്മൂക്ക നടത്തുന്ന പ്രവര്‍ത്തനങ്ങളില്‍ നിങ്ങള്‍ക്കും പങ്കാളിയാവാന്‍ +918156930369 എന്ന നമ്പറില്‍ വിളിക്കാവുന്നതാണ്. (തങ്ങളുടെ പ്രിയപ്പെട്ട മമ്മൂക്ക നടത്തുന്ന പ്രവര്‍ത്തനം അറിഞ്ഞ ക്യാനടയിലെ മമ്മൂട്ടി ഫാന്‍സ് ആന്‍ഡ് വെല്‍ഫയര്‍ അസോസിയേഷന്‍ ഇന്റര്‍നാഷണല്‍ പ്രവര്‍ത്തകര്‍ അന്‍പതു ജലസംഭരണികള്‍ സംഭാവന ചെയ്യുവാന്‍ മുന്‍പോട്ട് വന്നത് നന്ദിയോടെ അറിയിക്കുന്നു ).എന്തായാലും കൂടുതല്‍ വിവരങ്ങള്‍ ഉടനെ തന്നെ അറിയിക്കാന്‍ സാധിക്കുമെന്ന് വിശ്വസിക്കുന്നു